‘എല്ലാ മുദ്രാവാക്യവും ഒരു സമരത്തിൽ വിജയിക്കാറില്ല’; സോളാർ സമരം ഒത്തുതീർപ്പ് വിവാദത്തിൽ എം.വി.ഗോവിന്ദൻ
സോളാർ സമരം ഒത്തുതീർപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ മുദ്രാവാക്യവും ഒരു സമരത്തിൽ വിജയിക്കാറില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത് സമരത്തിന്റെ വിജയമാണെന്നും എം.വി ഗോവിന്ദൻ.
സോളാർ സമര ഒത്തുതീർപ്പ് വിവാദത്തിൽ മാധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്യുന്നുവെന്നാണ് എം.വി.ഗോവിന്ദൻ ആരോപിച്ചു. സോളാർ സമരം ഒത്തുതീർപ്പാക്കുകയായിരുന്നു എന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയും വിവാദവുമായെങ്കിലും സി.പി.ഐ.എമ്മിലെ മുതിർന്ന നേതാക്കൾ പ്രതികരിച്ചിരുന്നില്ല. കരുതലോടെ പ്രതികരിച്ചാൽ മതിയെന്നായിരുന്നു തീരുമാനം.
സോളാർ ഒത്തുതീർപ്പ് ആരോപണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മൗനം വെടിയണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ടിപി കേസ് സത്യസന്ധമായി അന്വേഷിച്ചിരുന്നെങ്കിൽ സിപിഐഎം ഉന്നത നേതാക്കൾ ജയിലിൽ ആകുമായിരുന്നു. രഹസ്യധാരണയുണ്ടെന്ന് സംശയമുണ്ടെന്ന കെ.കെ.രമ പ്രതികരണം യു.ഡി.എഫിനേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രതികരണം ധൃതിപിടിച്ച് വേണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റേയും നിലപാട്.