അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 12 ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കാലവര്‍ഷം ഇന്ന് ആന്‍ഡമാനില്‍ എത്തിച്ചേരുമെന്നാണ് പ്രവചനം. തുടക്കത്തില്‍ വൈകുന്നേരങ്ങളിലും രാത്രിയിലും സജീവമാകുന്ന മഴ, അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് അനുകൂലമാകുന്നത്തോടെ പകല്‍ സമയങ്ങളിലും ലഭിച്ചു തുടങ്ങും. മലയോര മേഖലകളില്‍ മഴ കനക്കാനാണ് സാധ്യത. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ദുരന്തസാധ്യതയുള്ള മേഖലകളില്‍നിന്ന് നിന്ന് ആവശ്യമെങ്കില്‍ ജനങ്ങള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ രണ്ട് ദിവസവും ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. അതി തീവ്രമായ മഴ ബുധനാഴ്ച വരെ തുടരാനാണ് സാധ്യത. ചൊവ്വയും ബുധനും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള – തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.