World

ശ്രീലങ്കയിൽ അദാനിയുടെ കാറ്റാടി പാടത്തിന് എതിരെ സുപ്രീം കോടതിയിൽ ഹർജി

Spread the love

ശ്രീലങ്കയിൽ അദാനിയുടെ ഊർജ്ജ ഉത്പാദന കമ്പനിയായ ഗ്രീൻ എനർജി വിൻഡ് എനർജി പ്രോജക്ടിനെതിരെ സുപ്രീം കോടതിയിൽ ഹർജി. വടക്കൻ മാന്നാർ, പൂനെറിൻ ജില്ലകളിൽ സ്ഥാപിക്കുന്ന കാറ്റാടി പാടത്തിനെതിരെയാണ് ദി വൈൽഡ് ലൈഫ് ആൻഡ് നേച്ചർ പ്രൊട്ടക്ഷൻ സൊസൈറ്റി ഹർജി നൽകിയത്. പദ്ധതി കാരണമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്കയിലെ 100 വർഷം പഴക്കമുള്ള പാരിസ്ഥിതിക സംഘടന മെയ് 16ന് മൗലികാവകാശ ഹർജി ഫയൽ ചെയ്തത്.

പദ്ധതി കാരണം ദ്വീപിൻ്റെ പ്രത്യേകിച്ചും മാന്നാറിലെ തനതായ ജൈവവൈവിധ്യത്തിനും ഭൂപ്രകൃതിക്കും ദോഷം തട്ടുമെന്ന് സൊസൈറ്റി ഹർജിയിൽ പറയുന്നു. കാറ്റാടിപ്പാടം സ്ഥാപിതമാകുന്ന മേഖല ദേശാടനപക്ഷികളുടെ മധ്യേഷ്യൻ ഫ്ലൈവേ കൂടിയാണ്. അനേകം ജലജന്യ പക്ഷികളുടെയും വവ്വാലുകളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശങ്ങൾ.

പദ്ധതി ഇന്ത്യ-ശ്രീലങ്ക സർക്കാരുകൾ യോജിച്ച് നടപ്പാക്കുന്നതാണെന്ന് പറയുന്നുണ്ടെങ്കിലും ഇന്ത്യ ഗവൺമെൻ്റ് പദ്ധതിക്ക് വേണ്ടി മുടക്കിയ തുകയോ ഗ്രാൻ്റോ വായ്പയോ ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിന് മുൻപ് ശ്രീലങ്കയിലെ സസ്റ്റെയ്‌നബിൾ എനർജി അതോറിറ്റി ഓഫ് ശ്രീലങ്ക നടത്തിയ എൻവയോൺമെൻ്റൽ ഇംപാക്ട് അസസ്മെന്‍റിൻ്റെ വിശ്വാസ്യതയിലും ഹർജിക്കാർ സംശയം ഉന്നയിച്ചിട്ടുണ്ട്. ഒപ്പം പദ്ധതി യാഥാർത്ഥ്യമായാൽ വൈദ്യുതിക്ക് എത്ര വില ഈടാക്കുമെന്നും ചോദ്യമുണ്ട്. കിലോ വാട്ട് വൈദ്യുതിക്ക് 8.26 സെൻ്റ് അല്ലെങ്കിൽ 0.0826 ഡോളർ വിലയാണ് അദാനി ഗ്രൂപ്പുമായി ശ്രീലങ്ക എത്തിയ ധാരണയിൽ പറയുന്ന വില.

നേരത്തെ തന്നെ പദ്ധതിക്കെതിരെ രാജ്യത്ത് അസ്വാരസ്യങ്ങളും ആരോപണം ഉയർന്നിരുന്നെങ്കിലും വിഷയം കോടതിയിലേക്ക് എത്തുന്നത് ഇതാദ്യമാണ്. ഫെബ്രുവരിയിലാണ് ശ്രീലങ്കയിലെ ബോർഡ് ഓഫ് ഇൻവസ്റ്റമെൻ്റ് 442 ദശലക്ഷം ഡോളറിൻ്റെ വിൻ്റ് പവർ പദ്ധതി യാഥാർത്ഥ്യമാക്കാൻ അദാനി ഗ്രൂപ്പിന് അനുവാദം നൽകിയത്. കൊളംബോ തുറമുഖത്ത് 700 ദശലക്ഷം ഡോളറിൻ്റെ കണ്ടെയ്‌നർ ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതിയും അദാനി ഗ്രൂപ്പിൻ്റെ പരിഗണനയിലാണ്.