Kerala

വർക്കിം​ഗ് കമ്മറ്റിയാണ് പ്രധാനം’; സുപ്രഭാതം ​ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിൽ സാദിഖലി ശിഹാബ് തങ്ങൾ

Spread the love

കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ​ഗൾഫ് എഡിഷൻ ഉ​ദ്ഘാടന ചടങ്ങിൽ‌ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടി വർക്കിംഗ് കമ്മിറ്റിയാണ് പ്രധാനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് പ്രതികരിച്ചു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൻ്റെ ഗൾഫ് എഡിഷൻ്റെ ഉദ്ഘാടനം ഇന്നായിരുന്നു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ ഇവർ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ചേരുന്നതിനാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സമസ്തയിലെ ഒരു വിഭാഗം ലീഗിനെതിരെ തിരിഞ്ഞത് വലിയ ചർച്ചയായിരുന്നു.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ സുപ്രഭാതത്തിൻ്റെ ഗൾഫ് എഡിഷൻ്റെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിരുന്നെങ്കിലും യുപിയിലെ പ്രചാരണ പരിപാടി കാരണം എത്താനാകില്ല എന്നാണ് അറിയിച്ചത്. മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. റിയാസാണ് ചടങ്ങിൽ രാഷ്ട്രീയ രംഗത്ത് നിന്ന് പങ്കെടുക്കുന്ന പ്രമുഖനായ അതിഥി. നേരത്തെ തന്നെ ഉദ്ഘാടനത്തിന്റെ പ്രചാരകരായി സിപിഎമ്മിന്റെ മലപ്പുറത്തെ പ്രമുഖ നേതാക്കളൊക്കെ രംഗത്ത് വന്നിരുന്നു. സമസ്തയുമായി ഒത്തുതീർപ്പ് നീക്കങ്ങളില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം തർക്കം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സമസ്തയുടെ ബഹാവുദ്ദിൻ നദ്‌വി അടക്കമുള്ള മുഷാവറാ അംഗങ്ങളെ കൂടെ നിർത്താനും ലീഗ് നീക്കം നടത്തുന്നുണ്ട്.