Kerala

ജിഷ വധക്കേസ്; പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാർ അപേക്ഷയിൽ വിധി തിങ്കളാഴ്ച

Spread the love

പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയിൽ വിധി തിങ്കളാഴ്ച്ച. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീലിലും ഹൈക്കോടതി വിധി പറയും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.

പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയിലാണ് തിങ്കളാഴ്ച്ച ഹൈക്കോടതിയുടെ വിധി. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീർ ഉൽ ഇസ്ലാം നൽകിയ അപ്പീലിലും ഹൈക്കോടതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45 ന് വിധി പറയും. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു അടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീർ ഉൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. നിയമ പ്രകാരം ഹൈക്കോടതി ഈ വധശിക്ഷ ശരിവയ്‌ക്കേണ്ടതുണ്ട്. അതിനായുള്ള സർക്കാരിന്റെ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വരാനിരിയ്ക്കുന്നത്.

പ്രതിയുടെ അപ്പീലിലും സർക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് സർക്കാരിന്റെ വാദം. അതേ സമയം ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദം. 2016 ഏപ്രിൽ 28 നായിരുന്നു നിയമ വിദ്യാർത്ഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് അമീർ ഉൾ ഇസ്ലാം അതിക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്.