Kerala

ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19ന്

Spread the love

ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. പെന്തക്കോസ്ത തിരുനാള്‍ ദിനമായ മെയ് 19ന് ഞായറാഴ്ച രൂപതയിലെ അറുപതിനായിരത്തോളം കുടുംബങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തയ്യായിരം പേര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും.

മെയ് 19 ന് ഞായറാഴ്ച രാവിലെ 9.30 ന് രജിസ്‌ടേഷന്‍ ആരംഭിക്കും. രാവിലെ 10.30 ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് പാനിക്കുളം ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഉല്‍ഘാടനം ചെയ്യും.

കത്തീഡ്രല്‍ സ്റ്റേജിന് മുന്‍ വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തല്‍, സിയോണ്‍ ഹാള്‍, പാരിഷ് ഹാള്‍, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, സെന്റ് ജോസഫ്‌സ് കോളേജ് ഓഡിട്ടോറിയം, സെന്റ് ജോസഫ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം , ബിഷപ്‌സ് ഹൗസ്, തുടങ്ങി 7 കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യ സെമിനാറുകള്‍ നടക്കും. റവ.ഫാ.ഡേവിസ് ചിറമ്മല്‍, റവ.ഫാ.ജോയ് ചെഞ്ചേരില്‍, റവ.ഡോ.സെബാസ്റ്റ്യന്‍ ചാലക്കല്‍, റവ.ഫാ.ജോസഫ് പുത്തന്‍ പുരക്കല്‍, ശശി ഇമ്മാനുവേല്‍, റവ.ഫാ. എലിയാസ്, റവ.ഫാ.ജെയിംസ് പള്ളിപ്പാട്ട് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. വൈദികര്‍, സന്യസ്തര്‍, അമ്മമാര്‍, യുവജനങ്ങള്‍, മതാദ്ധ്യാപകര്‍, കുട്ടികള്‍, യുവദമ്പതികള്‍, കൈക്കാരന്മാര്‍, ഇടവകപ്രതിനിധികള്‍, കുടുംബ സമ്മേളന ഭാരവാഹികള്‍ തുടങ്ങി പതിനായിരത്തോളം പേര്‍ പങ്കെടുക്കും.

കോട്ടപ്പുറം രൂപത മെത്രാന്‍ ബിഷപ്. മാര്‍ അംബ്രോസ് പുത്തന്‍ വീട്ടില്‍ ദിവ്യകാരുണ്യ അനുഭവം പങ്ക് വെക്കും. ഉച്ചക്ക് 1.30 മുതല്‍ ദിവ്യകാരുണ്യ ആരാധനക്ക് റവ.ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ വിസി നേതൃത്വം നല്‍കും. തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ ബിഷപ്. മാര്‍ ടോണി നീലങ്കാവില്‍ ദിവ്യകാരുണ്യ ആരാധനയുടെ ആശിര്‍വാദം നിര്‍വഹിക്കും. 2.30 മുതല്‍ വിശുദ്ധ കുര്‍ബാനക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. പാലക്കാട് രൂപത മെത്രാന്‍ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ വചന സന്ദേശം നല്‍കും. 4 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം കത്തീഡ്രല്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച് ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷന്‍, പ്രൊവിഡന്‍സ് ഹൗസ് വഴി ഠാണാവിലൂടെ കത്തീഡ്രല്‍ പള്ളിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് ദിവ്യകാരുണ്യ ആശിര്‍വാദത്തോടെ ദിവ്യ കാരുണ്യ കോണ്‍ഗ്രസ് സമാപിക്കും.

വാര്‍ത്താസമ്മേളത്തില്‍ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി വെരി. റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ഫാ. റിജോയ് പഴയാറ്റില്‍, പബ്ലിസിറ്റി ജോ.കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി, ദിവ്യാകാരുണ്യ കോണ്‍ഗ്രസ് ജോ.കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, എന്നിവര്‍ പങ്കെടുത്തു.