National

BJP ഏജന്റാക്കുന്നത് ഇന്നലെ പാർട്ടിയിൽ ചേർന്ന നേതാക്കൾ; പോരാട്ടം രാജ്യത്തെ മുഴുവൻ സ്ത്രീകൾക്ക് വേണ്ടി’; സ്വാതി മാലിവാൾ

Spread the love

ബിജെപി ഏജന്റെന്ന എഎപി മന്ത്രി അതിഷിയുടെ വിമർശനത്തിന് മറുപടിയുമായി സ്വാതി മാലവാൾ. തന്നെ ബിജെപി ഏജന്റായി പ്രഖ്യാപിച്ചത് ഇന്നലെ പാർട്ടിയിൽ ചേർന്ന നേതാക്കളാണെന്ന് സ്വാതി പറഞ്ഞു. രണ്ട് ദിവസം മുൻപ് വരെ സത്യം അംഗീകരിച്ച ആംആദ്മി ഇന്ന് യുടേൺ എടുത്തെന്ന് സ്വാതി കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്താൽ മുഴുവൻ സത്യങ്ങളും വെളിപ്പെടുത്തുമെന്ന് വിഭവ് കുമാറിന്റെ ഭീഷണി ഉണ്ടെന്ന് സ്വാതി ആരോപിച്ചു. തന്റെ പോരാട്ടം രാജ്യത്തെ മുഴുവൻ സ്ത്രീകൾക്ക് വേണ്ടിയാണെന്ന് സ്വാതി മാലിവാൾ വ്യക്തമാക്കി.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎയിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റുവെന്ന സ്വാതി മാലിവാളിന്റെ പരാതി ഉയർന്നിരുന്നു. എന്നാൽ സ്വാതിയുടെ മൊഴി തള്ളുകയും കെജ്രിവാളിന്റെ വസതിയിലെ ദൃശ്യങ്ങൾ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട ആം ആദ്മി പാർട്ടി ഡിലീറ്റ് ചെയ്യുകയും ചെയ്തു. സ്വാതിയെ മുഖ്യമന്ത്രിയുടെ വീട്ടിലേക്കയച്ചത് ബിജെപിയാണെന്നും ബിജെപിയുടെ ഗൂഢാലോചനയാണെന്നും മന്ത്രി അതിഷി വിമർശിച്ചിരുന്നു. സ്വാതി മലിവാൾ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതിഷി പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് വിഭവ് കുമാറിൽ നിന്ന് ക്രൂരമർദ്ദനം നേരിട്ടുവന്ന എഫ്‌ഐആർ വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് ആം ആദ്മി പാർട്ടി ഔദ്യോഗിക അക്കൗണ്ടിലൂടെ സംഭവ ദിവസത്തെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരും സ്വാതി മലിവാളും തർക്കിക്കുന്നതാണ് ദൃശ്യങ്ങളിൽ.മിനിറ്റുകൾക്കകം ആം ആദ്മി പാർട്ടി ദൃശ്യം ഡിലീറ്റ് ചെയ്‌തെങ്കിലും, സ്വാതി മലിവാളിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുള്ള ലക്ഷ്യം വച്ചാണ് പാർട്ടിയുടെ നീക്കം.

വിഭവ് കുമാറിനെതിരായ കേസിൽ എഫ്ഐആറിലുള്ളത് ​ഗുരുതര പരാമർശങ്ങളാണുള്ളത്. നെഞ്ചിലും വയറ്റിലും ഇടുപ്പിലും വിഭവ് കുമാർ ചവിട്ടിയെന്നാണ് എഫ്‌ഐആറിൽ പറയുന്നു. സ്വാതിയെ വിഭവകുമാർ 8 തവണ കരണത്തടിച്ചതായി എഫ്‌ഐആറിൽ .എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു. സംഭവത്തിൽ വിഭവ് കുമാറിനെതിരെ കേസെടുത്തിരുന്നു. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.