തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാൻ സർക്കാർ നീക്കം; ഏകപക്ഷീയം, ചർച്ച നടത്തിയില്ലെന്നും പ്രതിപക്ഷം
തിരുവനന്തപുരം: തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുളള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനം ചർച്ച കൂടാതെയെന്ന പരാതിയുമായി പ്രതിപക്ഷം. ജനസംഖ്യാടിസ്ഥാനത്തിലെ വാർഡ് വിഭജനം അനിവാര്യമെങ്കിലും സർക്കാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ആക്ഷേപം. പുതിയ വാർഡുകൾക്ക് അപ്പുറം പുതിയ തദ്ദേശ സ്ഥാപനങ്ങൾ രൂപീകരിക്കാൻ സർക്കാറിന് ആലോചനയില്ല.
2011 ലെ സെൻസസ് പ്രകാരമുള്ള വാർഡ് വിഭജനത്തിനാണ് സർക്കാർ തീരുമാനം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് കൂട്ടാനാണ് ധാരണ. വാർഡ് വിഭജനത്തിനായി ഓർഡിനൻസ് ഇറക്കാൻ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും.. കരട് തയ്യാറായി നിയമനിർമ്മാണത്തിലേക്ക് പോകുമ്പോഴും ചർച്ചയുണ്ടായില്ലെന്ന പരാതിയാണ് പ്രതിപക്ഷം ഉയർത്തുന്നത്. നിർണ്ണായക തീരുമാനത്തിന് മുമ്പ് പ്രതിപക്ഷവുമായി എന്ത് കൊണ്ട് ആലോചിച്ചില്ലെന്നാണ് യുഡിഎഫിൻറെ കുറ്റപ്പെടുത്തൽ. സമീപകാലത്തെ വാർഡ് വിഭജനനടപടികൾ പലതും രാഷ്ട്രീയവിവാദമായിരുന്നു.
2011ലായിരുന്നു അവസാനമായി വിഭജനം ഉണ്ടായത്. 2015ൽ ഭാഗികമായും പുനർനിർണ്ണയം നടന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അധ്യക്ഷനായ ഡിലിമിറ്റേഷൻ കമ്മീഷനാണ് ചുമതല. പ്രതിപക്ഷം പരാതി ഉന്നയിക്കുമ്പോഴും ഭരണപരമായ നടപടിക്രമങ്ങളാണ് ഇപ്പോൾ ഉണ്ടായതെന്നാണ് സർക്കാർ വിശദീകരണം. വാർഡ് വിഭജനനടപടികളിലേക്ക് നീങ്ങുമ്പോൾ എല്ലാവരുമായും ചർച്ചയുണ്ടാകുമെന്നും പറയുന്നു. ആകെ 1200 വാർഡുകളാണ് പുതുതായി വരുന്നത്. പക്ഷെ പുതിയ പഞ്ചായത്തോ മുൻസിപ്പാലിറ്റിയോ രൂപീകരിക്കാൻ ഉദ്ദേശമില്ല. ഭാരിച്ച ചെലവ് കൂടിയാണൻ് സർക്കാറിന്. അംഗങ്ങളുടെ ഓണറേറിയം ഇനത്തിൽ പഞ്ചായത്ത് തലത്തിൽ മാത്രം പ്രതിമാസം 75 ലക്ഷത്തോളം രൂപ അധികം വേണ്ടിവരും. അടുത്ത വർഷം ഡിസംബറിലാണ് തദ്ദേശതെരഞ്ഞെടുപ്പ്.