‘കുട്ടി മാറിപ്പോയതാണെന്നാണ് പറഞ്ഞത്; ഇങ്ങനെ ഒരനുഭവം ആർക്കും ഉണ്ടാകരുത്’; ചികിത്സാപിഴവിൽ പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം
കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയ പിഴവ് സംഭവിച്ചതിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുടുംബം പറയുന്നു. കുട്ടിയുടെ നാവിന് കുഴപ്പമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു.
പേര് വിളിച്ചപ്പോൾ കുട്ടിയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി. തിരികെ കുട്ടിയെ കൊണ്ടുവന്നപ്പോൾ വായിൽ ചോര കണ്ടു. തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ കൈയിൽ നടത്തേണ്ട ശസ്ത്രക്രിയ നാവിൽ ചെയ്തിരിക്കുന്നതെന്ന് മനസിലായത്. കുറച്ച് കഴിഞ്ഞപ്പോൾ കുട്ടിയുടെ കൈക്ക് ശസ്ത്രക്രിയ നടത്തിയെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ സുപ്രണ്ടിനോട് പരാതി നൽകിയെന്നും ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും കുട്ടിയുടെ കുടുംബം വ്യക്തമാക്കി.
കുട്ടി മാറിപോയെന്നാണ് അധികൃതർ പറഞ്ഞതെന്ന് കുടുംബം പറഞ്ഞു. ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് സംഭവത്തിനിടയാക്കിയതെന്ന് കുടുംബം വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ നടത്തിയതിന് ഡോക്ടർ മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.