National

ഇസ്രയേൽ-പലസ്തീൻ യുദ്ധം; യുഎൻ ജീവനക്കാരനായ ഇന്ത്യക്കാരൻ റഫയിൽ കൊല്ലപ്പെട്ടു

Spread the love

ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിനിടെ റഫയിൽ യുഎൻ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് സേഫ്റ്റി ആന്റ് സെക്യൂരിറ്റിയിൽ ജീവനക്കാരനായിരുന്ന 46 കാരനായ വൈഭവ് അനിൽ കാലെയ്ക്കാണ് ജീവൻ നഷ്ടമായത്.

റഫയിൽ നിന്ന് ഖാൻ യൂനിസിലുള്ള യൂറോപ്യൻ ആശുപത്രിയിലേക്ക് വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വൈഭവിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ലെന്ന് യുഎൻ ഉദ്യോഗസ്ഥൻ ദ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിനിടെ കൊല്ലപ്പെടുന്ന യുഎൻ ജീവനക്കാരനായ ആദ്യ വിദേശപൗരനാണ് വൈഭവ്. മുൻപ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ചിരുന്ന വൈഭവ് ഏപ്രിൽ മുതലാണ് ഗാസയിൽ യുഎന്നിന് വേണ്ടി പ്രവർത്തനം ആരംഭിച്ചത്.