കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഐഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടമായി
കാൽനൂറ്റാണ്ടായി സിപിഐഎം ഭരിച്ചു വന്ന രാമങ്കരി പഞ്ചായത്ത് ഭരണം വിമത വിഭാഗത്തെ തകർക്കാനായി അട്ടിമറിച്ച് സിപിഐഎം നേതൃത്വം. പാർട്ടിയിലെ രൂക്ഷമായ വിഭാഗീയത തുടർന്ന് സിപിഐഎമ്മുമായി അകന്ന പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിനെതിരെ കോൺഗ്രസിന്റെ പിന്തുണയോടെ നാല് സിപിഐഎം അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം പാസായി. വിഭാഗീയത തുടർന്ന് 300 ലേറെ പേർ സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നതിന് നേതൃത്വം കൊടുത്തത് ഇപ്പോൾ പുറത്താക്കിയ ആർ രാജേന്ദ്രകുമാർ ആയിരുന്നു.
13 അംഗ പഞ്ചായത്തില്‍ സിപിഐഎമ്മിന് ഒമ്പതും യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതില്‍ എട്ടുപേരാണ് അവിശ്വാസത്തെ അനുകൂലിച്ചത്. കുട്ടനാട്ടിലെ സിപിഐഎമ്മിനുള്ളിലെ വിഭാഗീയ പ്രശ്‌നമാണ് ഭരണം നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു. വിഭാഗീയത രൂക്ഷമായതോടെ 300 ഓളം സിപിഐഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് പോയിരുന്നു. രാജേന്ദ്രകുമാറിന്റെ ഒത്താശയോടെയായിരുന്നു ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.