ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പിന്നില്‍ സിപിഐഎം എന്ന് ടിഎംസി
ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പ് നടക്കവെ സംഘര്‍ഷഭരിതമായ പശ്ചിമ ബംഗാളില്‍ ടിഎംസി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ബര്‍ദ്വാന്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബര്‍ദ്വാനിലെ കേതുഗ്രാമില്‍ തൃണമൂല്‍ പ്രാദേശിക പ്രവര്‍ത്തകന്‍ മിന്റു ഷെയ്ഖ് (50) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയോടെ അജ്ഞാത അക്രമി സംഘം മിന്റുവിന്റെ വീടിന് നേരെ ബോംബാക്രമണം നടത്തി. പിന്നാലെ ആയുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റുചെയ്തു. ഭുലന്‍ ഷെയ്ഖ്, സംസൂര്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍, ടിഎംസിയിലെ തന്നെ ചേരിപ്പോരിന്റെ ഇരയാണ് തന്റെ ഭര്‍ത്താവെന്ന് മിന്റു ഷെയ്ഖിന്റെ ഭാര്യ ആരോപിച്ചു. കൊലപാതകത്തില്‍ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും തുഹിന ഖാത്തൂന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയം സിപിഐഎമ്മിനുണ്ടെന്നും സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന മിന്റുവിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്നും ടിഎംസി വക്തമാവ് പ്രൊസെന്‍ജിത് ദാസ് ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സിപിഐഎം, ടിഎംസിയുടെ ഭീകരവാഴ്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ കേതുഗ്രാമിലെ പ്രവര്‍ത്തകര്‍ക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നെന്നും പ്രദേശത്ത് സിപിഐഎമ്മിന് സ്വാധീനമില്ലെന്നും പ്രതികരിച്ചു. കൊല്ലപ്പെട്ടയാളുടെ ഭാര്യ തന്നെ തൃണമൂലിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നും സിപിഐഎം വ്യക്തമാക്കി.