തലശേരിയിലെ KSRTC ഡബിൾ ഡക്കർ ബസ് സർവീസ് താത്കാലികമായി നിർത്തി
യാത്രക്കാർ കൈവിട്ടതോടെ തലശേരിയിലെ KSRTC ഡബിൾ ഡക്കർ ബസ് താത്കാലികമായി നിർത്തി. പൈതൃക ടൂറിസത്തിന്റെ ഭാഗമായി തലശേരിയിൽ എത്തിച്ച ഡബിൾ ഡക്കർ ബസാണ് താത്ക്കാലികമായി പ്രതിദിന സര്‍വീസ് നിര്‍ത്തിയത്.
സർവീസ് തുടങ്ങി രണ്ടുമാസം കഴിയുമ്പോൾ ബസ് ഷെഡിൽ കയറ്റി. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കര്‍ എ.എന്‍.ഷംസീറും യാത്ര ചെയ്താണ് ഉദ്ഘാടനം ചെയ്തത്.
തലശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുന്‍കൈയെടുത്താണ് ബസ് തലശ്ശേരിയിലെത്തിച്ചത്. തലശേരി ഡിപ്പോയില്‍നിന്ന് തുടങ്ങി ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് ബംഗ്ലാവ്, കോടതി, ഓവര്‍ബറീസ് ഫോളി, കോട്ട, ഗോപാലപ്പേട്ട വഴി മാഹിയിലെത്തും. മാഹി ബസിലിക്ക പള്ളി, മാഹി പുഴയോര നടപ്പാതയില്‍നിന്ന് ബൈപ്പാസിലൂടെ മുഴപ്പിലങ്ങാട് ബീച്ച് സന്ദര്‍ശിച്ച് തലശേരി വരെയാണ് യാത്ര.
തിരുവവന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിള്‍ഡക്കര്‍ തലശേരിയിലെത്തിയപ്പോള്‍ ആളുകള്‍ക്ക് കൗതുകമായിരുന്നു. ബസിന്റെ താഴത്തെ നിലയില്‍ 28 ആളുകള്‍ക്ക് ഇരിക്കാനുളള സീറ്റും രണ്ട് മേശയുമുണ്ട്. മുകളിലത്തെ നിലയില്‍ 21 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
ആളുകള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പ്രകാരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. 40 ആളുകള്‍വരെ ഉണ്ടെങ്കില്‍ മാത്രമേ ബസ് ഓടൂ. ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങി എട്ടരയ്ക്ക് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര.
ചൂട്മാറി മഴ വന്നാല്‍ മുകള്‍ഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിനാലും യാത്ര ബുദ്ധിമുട്ടാകും. ഉച്ചയ്ക്കുള്ള കഠിനമായ ചൂട് യാത്രയെ ബാധിച്ചു. ചൂടിന് യാത്രചെയ്യാന്‍ ആളുകള്‍ക്ക് താത്പര്യമില്ല. ഇപ്പോള്‍ മൂന്നും നാലും ആളുകള്‍ മാത്രമാണ് യാത്രയ്ക്കുണ്ടാകുന്നത്.