Tuesday, March 4, 2025
Latest:
Kerala

യാത്രക്കാരന്റെ മർദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി

Spread the love

യാത്രക്കാരന്റെ മർദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി. ഇന്നലെ രാത്രിയിലാണ് മാവേലി എക്സ്പ്രസിലെ ടിടിഇയായ രാജസ്ഥാൻ സ്വദേശി വിക്രം കുമാർ മീണയെ യാത്രക്കാരൻ മർദ്ദിച്ചത്. കോഴിക്കോടിനും തിരൂരിനുമിടയിൽ വെച്ചായിരുന്നു ആക്രമണം. ടിടിഇയെ മർദ്ദിച്ച സ്റ്റാൻലി ബോസിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു തിരുവനന്തപുരം സ്വദേശി സ്റ്റാൻലി ബോസ് ടിടിഇയെ മർദ്ദിച്ചത്. ആക്രമണത്തിൽ മൂക്കിന് സാരമായി പരുക്കേറ്റ ടിടിഇയെ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷമാണ് പാലക്കാട്ടേക്ക് മാറ്റിയത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്ന് ടിടിഇ പറഞ്ഞിരുന്നു.

ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത ആളാണ് മർദ്ദിച്ചത്. ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനമെന്ന് വിക്രം കുമാർ മീണ വ്യക്തമാക്കി. അക്രമിച്ചയാളുടെ കൈവശം ജനറൽ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.

സ്ലീപ്പർ കോച്ചിൽ ജനറൽ ടിക്കറ്റുമായി ഇയാൾ കയറുകയായിരുന്നു. കോഴിക്കോടു നിന്നും ട്രെയിൻ പുറപ്പെട്ടശേഷമാണ് ഇയാളെ ടിടിഇയുടെ ശ്രദ്ധയിൽപ്പെടുന്നത്. മതിയായ ടിക്കറ്റ് ഇല്ലാത്തതിനാൽ സ്ലീപ്പർ കോച്ചിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നുവെന്ന് വിക്രം കുമാർ പറഞ്ഞു.