ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച 62കാരൻ മരണത്തിന് കീഴടങ്ങി
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തി രണ്ടുകാരൻ മരണത്തിന് കീഴടങ്ങി. മസാച്ചുസെറ്റ്സ് സ്വദേശിയായ റിച്ചാർഡ് റിക്ക് സ്ലേമാൻ ഇക്കഴിഞ്ഞ മാർച്ചിലാണ് വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത്. ലോകത്ത് ആദ്യമായി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി രണ്ട് മാസത്തിന് ശേഷമാണ് മരണം.
പ്രശസ്തമായ മസാച്ചുസെറ്റ്സ് ജനറൽ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അവയമാറ്റം നടത്തി ആഴ്ചകൾക്ക് ശേഷം ശസ്ത്രക്രിയ വിജയമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചതോടെ റിച്ചാഡ് ഡിക്ക് സ്ലേമാൻ വാർത്തകളിൽ ഇടം നേടി. കടുത്ത പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഉണ്ടായിരുന്ന സ്ലേമാന് 2018ൽ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.
എന്നാൽ 5 വർഷത്തിന് ശേഷം വൃക്കയുടെ പ്രവർത്തനം നിലച്ചു. മാർച്ച് 16നായിരുന്നു അപൂർവശസ്ത്രക്രിയ നടന്നത്. വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എംജിഎച്ച് അധികൃതർ അറിയിച്ചു. പന്നിയിൽ നിന്ന് അവയവങ്ങൾ മാറ്റിവക്കാൻ മുൻപ് പല തവണ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.