KS ഹരിഹരന്റെ വീടിന് നേരെയുണ്ടായത് കണ്ണൂർ മോഡൽ ആക്രമണം; CPIM അക്രമ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറണം’; എൻ വേണു
കെഎസ് ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണം കണ്ണൂർ മോഡൽ ആക്രമണമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. മുൻകൂട്ടി നിശ്ചയിച്ച ശേഷമാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതെന്ന് എൻ വേണു പറഞ്ഞു. സിപിഐഎം അക്രമ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറണമെന്ന് എൻ വേണു ആവശ്യപ്പെട്ടു.
കെഎസ് ഹരിഹരന്റെ വിവാദ പരാമർശത്തെ ന്യായീകരിക്കുന്നില്ലെന്നും പാർട്ടി നടപടി സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും വേണു വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥിയെ വ്യക്തിപരമായി അവഹേളിച്ചിട്ടില്ല. കെകെ ശൈലജ തെരഞ്ഞെടുപ്പ് കാലത്ത് അവഹേളിക്കപ്പെട്ടുവെന്നത് സിപിഐഎം തന്ത്രമാണെന്ന് അദ്ദേഹം വിമർശിച്ചു.
കെ എസ് ഹരിഹരന്റെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ബോംബാക്രമണം നടന്നത്. തേഞ്ഞിപ്പലത്ത് ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്.
ബോംബ് വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്‌ഫോടക വസ്തു എറിഞ്ഞെന്നാണ് ഹരിഹരൻ വ്യക്തമാക്കുന്നത്. സിപിഐഎം നേതാവ് കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യർക്കും എതിരായി ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ഏറെ വിവാദമായതിനിടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തു ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് കെ കെ രമ എംഎൽഎ ആരോപിച്ചിരുന്നു.