National

മല്ലികാർജുൻ ഖാർ​ഗെയുടെ ഹെലികോപ്ടറും പരിശോധിക്കുന്നു’; തെര. കമ്മീഷനെതിരെ ആരോപണവുമായി കോൺ​ഗ്രസ്

Spread the love

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ‍ഗെയുടെ ഹെലികോപ്ടർ പരിശോധിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഹെലികോപ്ടർ പരിശോധിച്ചതെന്നും ബിഹാറിലെ സമസ്തിപൂരില്‍ ഇന്നലെയാണ് സംഭവമെന്നും കോൺ​ഗ്രസ് ആരോപിച്ചു. രാഹുല്‍ഗാന്ധിക്ക് ശേഷം ഖാർഗെയുടെ വാഹനവും പരിശോധിക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്നും കോൺ​ഗ്രസ് വിമർശിച്ചു.

ഏപ്രിൽ 15ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിറും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. തമിഴ്നാട് രാഹുൽ എത്തിയപ്പോഴായിരുന്നു പരിശോധന. രാഹുൽ ​ഗാന്ധി മത്സരിക്കുന്ന മണ്ഡലമായ വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു രാഹുൽ ഗാന്ധി. തമിഴ്നാട്ടിലും അദ്ദേഹം പ്രചാരണം നടത്തിയിരുന്നു. മൈസൂരിൽ നിന്നും രാഹുൽ പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പരിശോധിച്ചത്. കാത്തുനിന്ന ഉദ്യോഗസ്ഥർ, രാഹുൽ ഇറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്റർ പരിശോധിക്കുകയായിരുന്നു. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ആണ് പരിശോധന നടത്തിയത് എന്നായിരുന്നു വിശദീകരണം.

തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ നടപടിയെ കോൺ​ഗ്രസ് നേതാക്കൾ വിമർശിച്ചു. നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെ‌യോ ഹെലികോപ്ടറുകളിൽ ഇതുപോലെ പരിശോധന നടത്തുമോയെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ പ്രചാരണത്തിനായി തയാറാക്കിയ ഹെലികോപ്റ്റർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.