പരാമർശം അംഗീകരിക്കുന്നില്ല’; കെഎസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കെകെ രമ
സിപിഐഎമ്മിനെതിരായ യുഡിഎഫ് ജനകീയ ക്യാമ്പയിനിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി കെകെ രമ എംഎൽഎ. ഒരു തരത്തിലും പരാമർശം അംഗീകരിക്കുന്നില്ലെന്ന് കെകെ രമ പ്രതികരിച്ചു. പരാമർശം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് രമ വ്യക്തമാക്കി. ഹരിഹരൻ തെറ്റ് മനസിലാക്കി ഖേദം പ്രകടിപ്പിച്ചത് സ്വാഗതം ചെയ്യുന്ന മാതൃകയാണെന്ന് കെകെ രമ പറഞ്ഞു.
ഏത് വ്യക്തികളായാലും സ്ത്രീകൾക്കെതിരെ പരാമർശം നടത്തുന്നതും മോശക്കാരാക്കുന്നതും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് രമ പറഞ്ഞു. സംഭവത്തിന് ശേഷം ഹരിഹരനുമായി സംസാരിച്ചിരുന്നെന്നും ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് കെകെ രമ പറയുന്നു. അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിപ്പിക്കണമെന്ന് രമ ആവശ്യപ്പെട്ടു.
സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാംപയിനിലാണ് ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെഎസ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. കെകെ ശൈലജയെയും നടി മഞ്ജു വാര്യരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു പരാമർശം. പരിപാടിയുടെ ഉദ്ഘാടകനായ വി.ഡി സതീശനും വടകരയിലെ യു.ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും പരിപാടിയിൽ സന്നിഹിതയായിരുന്നു.