Kerala

കരമന അഖില്‍ കൊലപാതകം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Spread the love

കരമന അഖില്‍ കൊലപാതക കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നാല് പ്രതികളില്‍ ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബാലരാമപുരത്ത് നിന്ന് ഡ്രൈവര്‍ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഖിലിനെ കൊലപ്പെടുത്താന്‍ എത്തിയ ഇന്നോവ വാഹനം ഓടിച്ചത് അനീഷ് ആയിരുന്നു. അഖില്‍, വിനീത്, സുമേഷ് എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സംശയം പൊലീസ് സൂചിപ്പിച്ചിരുന്നു.

പ്രതികളില്‍ ഒരാളായ അഖിലാണ് കൊല്ലപ്പെട്ട അഖിലിനെ കല്ലുകൊണ്ട് ക്രൂരമായി മര്‍ദിച്ചത്. അഖിലിനെ മൂന്നു പേരും ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഖിലും വിനീതും കൊലപാതക കേസുകളിലെ പ്രതികളാണ്. കരമന അനന്ദു കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.

അതേസമയം കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറില്‍ അഖിലും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. എതിര്‍ സംഘത്തിലെ ആളുകളെ അഖില്‍ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലം എതിര്‍സംഘത്തില്‍പ്പെട്ടയാളുകള്‍ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അഖിലും പ്രതികളും ലഹരി സംഘത്തിലെ കണ്ണികളാണെന്ന് സ്ഥിരീകരിച്ചു. ആറു തവണ അഖിലിന്റെ ദേഹത്തേക്ക് കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിര്‍ത്താതെ അടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. അഖില്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മര്‍ദ്ദനം തുടരുകയായിരുന്നു.