Gulf

കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഭരണഘടനയുടെ ചില ഭാഗങ്ങളും റദ്ദാക്കിയതായി അമീര്‍

Spread the love

കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റേതാണ് നടപടി. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് അമീര്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ഭരണഘടനയുടെ ചില ഭാഗങ്ങള്‍ നാലുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്തു. നാഷണല്‍ അസംബ്ലിയുടെ അധികാരങ്ങള്‍ അമീറും മന്ത്രിസഭയും ഏറ്റെടുക്കും.

രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനും വികസനത്തിലേക്ക് രാജ്യത്തെ നയിക്കാനുമാണ് ഇത്തരമൊരു പ്രയാസകരമായ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം അറിയിച്ചു.
ജുഡീഷ്യറിയും സുരക്ഷാ സംവിധാനവുമാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്ന രണ്ട് പ്രധാന ഘടകങ്ങള്‍. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള ബഹുമാനം രാജ്യത്തെ ഭരണ സംവിധാനത്തോടുള്ള ബഹുമാനമാണ്. അവരുടെ അന്തസ്സിന് കോട്ടം തട്ടുന്ന ഒരു കാര്യവും അനുവദിക്കില്ലെന്നും അമീര്‍ പറഞ്ഞു

രാജ്യം പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ അവസ്ഥ മറികടക്കാന്‍ നമുക്ക് സാധിക്കണം. ഭരണഘടനാ മൂല്യങ്ങള്‍ ലംഘിക്കപ്പെടുന്ന കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ചിലര്‍ വെച്ചുപൊറുപ്പിക്കാനാവാത്ത വിധം അതിരുകടക്കുകയാണ്. ചിലര്‍ അധികാരങ്ങളില്‍ വരെ കൈകടത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.