Kerala

കോഴിക്കോട് കാർ മോഷണ കേസ് പ്രതിയെ പൊക്കി പൊലീസ്, പക്ഷെ സംഘമായി നൂറോളം നാട്ടുകാർ, ജീപ്പിന്റെ ചില്ല് തകർത്തു

Spread the love

കോഴിക്കോട്: കാർ മോഷണ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസുകാർക്ക് നേരെ നാട്ടുകാരുടെ അതിക്രമം. പ്രതിയെ വാഹനത്തിൽ കയറ്റുന്നത് തടഞ്ഞ നാട്ടുകാർ, പൊലീസ് ജീപ്പിന്‍റെ ചില്ലും തകർത്തു. ബഹളത്തിനിടെ പ്രതി രക്ഷപ്പെട്ടു.

കോഴിക്കോട് പന്തീരങ്കാവ് പൂളങ്കരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. എറണാകുളം ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ഒരു വാഹന മോഷണക്കേസിൽ പ്രതിയായ ഷിഹാബ് സഹീറിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയതായിരുന്നു പൊലീസ്. ഇയാളെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പൊലീസ് വന്ന വാഹനത്തിന് നേരെ ആക്രമണം നടന്നു.

ബലം പ്രയോഗിച്ചാണ് പൊലീസ് നാട്ടുകാരെ പിരിച്ചുവിട്ടത്. ബഹളത്തിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ബലംപ്രയോഗിച്ച് പ്രതിയെ മോചിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന 100 ലേറെ പേർക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

നേരത്തെയും പല കേസുകളിലുൾപ്പട്ടവും ഗുണ്ടാ പട്ടികയിലുളളവരുമാണ് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പന്തീരങ്കാവ് പൊലീസ് നൽകുന്ന വിവരം. രക്ഷപ്പെട്ട പ്രതിക്കും, സംഘർഷമുണ്ടാക്കിയവക്കും വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.