Tuesday, March 18, 2025
Latest:
Kerala

പ്രണയപകയിൽ അരുംകൊല, നാടിനെ നടുക്കിയ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

Spread the love

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കേട്ടാൽ വിറങ്ങലിക്കുന്ന ക്രൂര കൊലപാതകമാണ് 2022 ഒക്ടോബർ 22ന് പാനൂരിൽ നടന്നത്. പാനൂ‍ർ വള്ള്യായിലെ വീട്ടിൽ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.

വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി അവൾ അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു.വീട്ടുകാർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപ്പെടുത്തിയത്.

കേസിൽ പ്രധാന സാക്ഷി വീഡിയോ കോളിൽ സംസാരിച്ചിരുന്ന സുഹൃ‍ത്താണ്. ശ്യാജിത് കയറി വന്നത് വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ആ 13 സെക്കന്‍റ് ദൃശ്യമാണ് നിർണായക തെളിവ്.പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. ശ്യംജിത് ബൈക്കിൽ വന്നതിനും സാക്ഷികളുണ്ട്.വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വകവരുത്താനും ശ്യാംജിത്തിന് പദ്ധതിയുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം