Wednesday, April 23, 2025
Kerala

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Spread the love

മലപ്പുറം നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ്(42) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ 6 മണിയോടെയാണ് മരണം.

കേരളത്തില്‍ പലയിടങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ മാത്രം ഇത് രണ്ടാമത്തെ മരണമാണ് സംഭവിക്കുന്നത്. ഇക്കഴിഞ്ഞ നാലിന് കോഴിക്കോട്ട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകനും മരിച്ചു.
അതേസമയം എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. വാട്ടർ അതോറിറ്റിയുടെ പമ്പിംഗിലെ അനാസ്ഥയാണ് മഞ്ഞപ്പിത്തതിന് കാരണമെന്ന് വേങ്ങൂർ പഞ്ചായത്ത് അധികൃതർ ആരോപിച്ചു.

വേങ്ങൂരിലെ ഓരോ വീടുകളെയും ശാരീരികമായും സാമ്പത്തികമായി തകർത്തെറിയുകയാണ് രോഗബാധ. വേങ്ങൂർ അമ്പാടൻ വീട്ടിൽ ശ്രീകാന്തും ഭാര്യ അഞ്ജനയും, സഹോദരൻ ശ്രീനിയും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.