Business

അക്ഷയ തൃതീയയില്‍ രണ്ട് തവണ വില വര്‍ധിച്ച് സ്വര്‍ണം; വീണ്ടും 53,000 കടന്നു

Spread the love

അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. രണ്ട് തവണയാണ് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. വ്യാപാരം ആരംഭിച്ചപ്പോള്‍ ഗ്രാമിന് 45 രൂപ കൂടി 6,660 രൂപയായിരുന്നു. പിന്നീട് ഗ്രാമിന് 85 രൂപ 6700 രൂപയിലെത്തി. പവന് മൊത്തം 680 രൂപ കൂടി ഇന്ന് 53,600 രൂപയിലാണ് വ്യാപാരം തുടരുന്നത്.

അക്ഷയ തൃതീയ നാളില്‍ സ്വര്‍ണം വാങ്ങുന്നത് ശുഭകരമെന്നാണ് പലരുടെയും വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദിവസം സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലരും മുന്‍കൂട്ടി ബുക്ക് ചെയ്തും അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാറുണ്ട്. രാവിലെ ഏഴരയോടെ തന്നെ ഇന്ന് ജ്വല്ലറികള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
വില കുത്തനെ ഉയര്‍ന്നതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഇന്ന് കുറവാണ്. സ്വര്‍ണവില റെക്കോര്‍ഡിട്ടത് വ്യാപാരികള്‍ക്കും തിരിച്ചടിയാണ്. അതേസമയം സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 52,920 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6615 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.