Kerala

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹനാപകടം; 5 മരണം

Spread the love

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ വാഹാനാപകടത്തിൽ അഞ്ച് മരണം. എറണാകുളം വൈറ്റിലയിൽ കെഎസ്ആർടിസി ബസുകൾക്ക് ഇടയിൽപ്പെട്ട് രണ്ട് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. മലപ്പുറത്തും കോഴിക്കോടും കാസർഗോഡും ബൈക്ക് അപകടത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു.

രാവിലെ ആറുമണിയോടെ എറണാകുളം വൈറ്റില ചക്കരപ്പറമ്പിൽ രണ്ട് കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങുകയായിരുന്നു. അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു. കോഴിക്കോട് നിയന്ത്രണം വിട്ട് ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. വെസ്റ്റ്ഹിൽ ഗവ സ്റ്റേഷനറി ഗോഡൗണിന് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. നോർത്ത് ചെല്ലാനം സ്വദേശി അനുരൂപ് ങട ആണ് മരിച്ചത്. തലയോലപ്പറമ്പ് സ്വദേശി ഇജാസ് ഇഖ്ബാൽ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മലപ്പുറം മഞ്ചേരി കാരാപറമ്പിൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്ന അരീക്കോട് ചക്കിങ്ങൽ സ്വദേശി നിയാസ് ചോലക്കൽ ആണ് മരിച്ചത്.
കാസർഗോഡ് പെരളത്ത് മിനി ലോറിയും സ്‌കൂട്ടറും കൂട്ടി ഇടിച്ചാണ് പുല്ലൂർ സ്വദേശി കൃഷ്ണദാസിന് ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് കുറുക്കൻപാറയിൽ അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയിൽ ബസ് ഇടിച്ചിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ടോറസ് ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ശക്തമായ മഴയെ തുടർന്ന് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വടകര ദേശീയപാത കൈനാട്ടിയിൽ ഗുഡ്‌സ് ഓട്ടോ , ഓട്ടോ റിക്ഷയിലും സ്‌കൂട്ടറിലും ഇടിച്ച് നിരവധി പേർക്ക് പരുക്കേറ്റു.ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.