ഷവർമ കഴിച്ച് പിറ്റേദിവസം മുതൽ ഛർദിയും വയറുവേദനയും, മൂന്നാം ദിനം മരണം; രണ്ട് പേരെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്
മുംബൈയിലാണ് 19 വയസുകാരനായ പ്രഥമേഷ് ബോക്സേ, ഷവർമ കഴിച്ച് പിറ്റേ ദിവസം മുതൽ ശാരീരിക അവശതകൾ അനുഭവിക്കുകയും ദിവസങ്ങൾക്ക് ശേഷം മരിക്കുകയും ചെയ്തത്. ട്രോംബേ ഏരിയയിലെ ഒരു ഷവർമ സ്റ്റാളിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവ് ഷവർമ വാങ്ങി കഴിച്ചത്. പിന്നാലെ ശനിയാഴ്ച മുതൽ കടുത്ത വയറുവേദനയും ഛർദിയും തുടങ്ങി. തൊട്ടടുത്ത മുനിസിപ്പൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഡോക്ടറെ കണ്ട് മരുന്നുവാങ്ങി തിരിച്ചെത്തിയതിന് ശേഷം വീണ്ടും ആരോഗ്യ പ്രശ്നങ്ങളുണ്ടായി.
ഒരു ദിവസം കഴിഞ്ഞും ആരോഗ്യനിലയിൽ മാറ്റമൊന്നും വരാതായപ്പോൾ ഞായാറാഴ്ച വീട്ടുകാർ യുവാവിനെ കെ.ഇ.എം ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയും ഡോക്ടർ പരിശോധിച്ച ശേഷം മരുന്നുകൾ നൽകി വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയായപ്പോൾ സ്ഥിതി കൂടുതൽ വഷളായി. തുടർന്ന് വീട്ടുകാർ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ഇത്തവണ പക്ഷേ ആരോഗ്യ നില വളരെ മോശമാണെന്ന് കണ്ട് ഡോക്ടർ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ആശുപത്രി അധികൃതരാണ് ഷവർമ കഴിച്ച്, യുവാവ് ഗുരുതരാവസ്ഥയിലായെന്ന വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് അന്ന് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്തതിനുള്ള ഐ.പി.സി 273 -ാം വകുപ്പും, വ്യക്തികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന പ്രവൃത്തികൾക്കെതിരായ ഐ.പി.സി 336-ാം വകുപ്പും ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ആരോഗ്യ നില മോശമായി തന്നെ തുടരുന്നതിനിടെ തിങ്കളാഴ്ച യുവാവ് മരണപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് പൊലീസ് അന്വേഷണം നടത്തി യുവാവ് ഷവർമ വാങ്ങിയ സ്റ്റാൾ കണ്ടെത്തിയത്. ഇതിന്റെ നടത്തിപ്പുകാരായ ആനന്ദ് കാംബ്ലി, അഹ്മദ് ശൈഖ് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.