Sunday, January 19, 2025
Latest:
World

സൈറ്റിലുണ്ടായിരുന്നത് 75പേർ, അഞ്ച് നില കെട്ടിടം നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ, 2 മരണം, നിരവധിപ്പേർ കുടുങ്ങി

Spread the love

കേപ്പ്: നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു. തകർന്ന കെട്ടിടത്തിൽ 53പേർ കുടുങ്ങിക്കിടക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ പശ്ചിമ കേപ്പ് പ്രവിശ്യയിലെ ജോർജ് സിറ്റിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കെട്ടിടം തകർന്നത്. തീരദേശമേഖലയിലെ കെട്ടിടം തകരാനുണ്ടായ കാരണത്തേക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല. നിരവധി രക്ഷാപ്രവർത്തകരാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നത്. 75ൽ അധികം ആളുകൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് കെട്ടിടം തകർന്ന് വീണത്.

അപകടം നടന്ന സമയത്ത് 75 പേരാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് തൊഴിൽ ഉടമയും സ്ഥിരീകരിച്ചിട്ടുണ്ട്. കേപ് ടൌണിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. ഇതിനോടകം 22 പേരെയാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് രക്ഷിച്ചത്. ഇവരിൽ രണ്ട് പേരെ മരിച്ച നിലയിലാണ് പുറത്തെടുത്തത്. മരിച്ചവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി മേയർ ആൽഡ് വാൻ വിക് അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവരോട് സംസാരിക്കാൻ സാധിച്ചതായാണ് രക്ഷാസേന വിശദമാക്കുന്നത്. വലിയ രീതിയിൽ ഭാരം ഉയർത്താൻ ശേഷിയുള്ള ഇപകരണങ്ങളും സ്നിഫർ നായകളുടേയും സഹായത്തോടെയാണ് കെട്ടിടത്തിൽ കുടുങ്ങിയവർക്കായി തിരച്ചിൽ പുരോഗമിക്കുന്നത്. പൂർണമായി തകർന്ന് നിരന്ന് കിടക്കുന്ന കെട്ടിടത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.