നാല് സീറ്റിൽ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന ഭാരവാഹി യോഗം; യോഗം ബഹിഷ്കരിച്ച് പികെ കൃഷ്ണദാസും എംടി രമേശും അടക്കമുള്ളവർ
ബിജെപി നാല് സീറ്റിൽ വിജയിക്കുമെന്നും രണ്ടു സീറ്റിൽ രണ്ടാം സ്ഥാനത്ത് വരുമെന്നും സംസ്ഥാന ഭാരവാഹി യോഗത്തിൽ വിലയിരുത്തൽ.
തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ, പത്തനംതിട്ട, മണ്ഡലങ്ങളിലാണ് പാർട്ടി വിജയം പ്രതീക്ഷിക്കുന്നത്. ആലപ്പുഴയിലും പാലക്കാടും പാർട്ടി രണ്ടാമതെത്തും എന്നും വിലയിരുത്തലുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് പലർക്കുമെതിരെ വ്യക്തിഹത്യയുണ്ടായെന്ന് കെ സുരേന്ദ്രൻ ഭാരവാഹി യോഗത്തിൽ പറഞ്ഞു.
ഇതിനിടെ ഔദ്യോഗിക പക്ഷത്തിനെതിരെ കൃഷ്ണദാസ് പക്ഷം നിലപാട് കടുപ്പിക്കുകയാണ്. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, എന്നീ മുതിർന്ന നേതാക്കൾ അവലോകന യോഗം ബഹിഷ്കരിച്ചു. ഔദ്യോഗിക പക്ഷത്തല്ലാത്ത സ്ഥാനാർത്ഥികൾക്കെതിരെ വന്ന ആരോപണങ്ങളെ പ്രതിരോധിച്ചില്ല എന്ന് ഇവർ ആരോപിച്ചു. പകരം എതിരാളികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുരളീധരപക്ഷം സ്വീകരിച്ചത്. സ്ഥാനാർത്ഥികൾക്കെതിരെ വ്യക്തിഹത്യ നടത്തിയവരെയും ശോഭ സുരേന്ദ്രന്റെ സ്ത്രീത്വത്തെ അപമാനിച്ചവരെപ്പോലും പ്രോത്സാഹിപ്പിച്ചു എന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.
തെരെഞ്ഞെടുപ്പ് സമയത്തു പോലും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഔദ്യോഗിക നേതൃത്വം പെരുമാറിയതിൽ കടുത്ത അതൃപ്തിയിലാണ് കൃഷ്ണദാസ് പക്ഷം. കെ സുരേന്ദ്രനും വി മുരളീധരനും ഔദ്യോഗികപക്ഷത്തല്ലാത്ത സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ ബാധിക്കുന്ന തരത്തിൽ സംഘടനാപരമായ നീക്കം നടത്തിയെന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും പ്രകാശ് ജാവദേക്കർ യഥാസമയം വിഷയത്തിൽ ഇടപെട്ടില്ല. തെരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തുനിന്ന് കെ സുരേന്ദ്രനെ നീക്കാൻ
കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടേക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും വി മുരളീധരന്റെ നേതൃത്വത്തിൽ ബിജെപി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം നടന്നുവെന്ന മാധ്യമ വാർത്ത പാർട്ടി പരിശോധിക്കണമെന്ന് കൃഷ്ണദാസ് വിഭാഗത്തിലെ ജില്ലാ പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
അതേസമയം, തൃശ്ശൂരിൽ നിന്നുള്ള സംസ്ഥാന ഭാരവാഹി ഭാരവാഹി യോഗത്തിൽ ശോഭാ സുരേന്ദ്രനെ പിന്തുണച്ചു. ശോഭ സുരേന്ദ്രന്റെ നിലപാട് തെരഞ്ഞെടുപ്പിൽ പിണറായി വിരുദ്ധ, ഇടത് ഭരണവിരുദ്ധ വികാരം ബിജെപിക്ക് അനുകൂലമാക്കാൻ കാരണമായെന്ന് തൃശൂരിൽ നിന്നുള്ള ഭാരവാഹി അഭിപ്രായപ്പെട്ടു.