Gulf

നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,662 പേര്‍ സൗദിയിൽ അറസ്റ്റിൽ

Spread the love

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,662 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 12,436 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 4,464 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,762 പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 1,233 പേരിൽ 65 ശതമാനം യമനികളും 31 ശതമാനം എത്യോപ്യക്കാരും നാല് ​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 96 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെ കസ്​റ്റഡിയിലെടുത്തു.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​ന്‍റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.