Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി

Spread the love

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു. സമരം താത്കാലികമായി മാറ്റിവെച്ചതാണ് എന്നും ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സിടി അനിൽ പറഞ്ഞു. ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരത്തിൽ ഇളവനുവദിച്ചുള്ള ഉത്തരവ് പൊടിക്കൈ മാത്രമെന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി പറഞ്ഞു

പരിഷ്കരണം അംഗീകരിച്ച് സിഐടിയു നേതാക്കൾ കയ്യടിച്ചു എന്ന് മന്ത്രി പറഞ്ഞത് തെറ്റാണെന്ന് സിടി അനിൽ പറഞ്ഞു. ഗതാഗത മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണ്. മന്ത്രിക്ക് തെറ്റായ ധാരണകളാണ്. ഇതൊരു മന്ത്രിക്ക് ചേർന്ന പണി അല്ല. സിഐടിയു ടെസ്റ്റ് ബഹിഷ്‌കരിക്കില്ല. ടെസ്റ്റിനോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരം ഇളവ് അനുവദിച്ചുള്ള ഉത്തരവ് പൊടിക്കൈ മാത്രമെന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി ആരോപിച്ചു. സമരത്തിൽ നിന്ന് പിന്നോട്ടില്ല. ജനങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്. സ്ലോട്ടുകളുടെ എണ്ണം 40 ആക്കിയതിൻ്റെ ഗുണം ജനങ്ങൾക്ക് ലഭിക്കില്ല. ഉദ്യോഗസ്ഥർ കുറവുള്ള ആർടിഒകളിൽ ദോഷമായി മാറും. ഗതാഗത മന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാണ്. മന്ത്രിയുടെ ഭാഗത്ത് നിന്ന് ജനാധിപത്യ സമീപനമുണ്ടാകുന്നില്ല. അമേരിക്കൻ മോഡൽ നടപ്പിലാക്കാൻ സാധിക്കില്ല. മന്ത്രിയുടെ ലക്ഷ്യം ഡ്രൈവിങ്ങ് സ്കൂളുകളെ ഉന്മൂലനം ചെയ്യുക എന്നതാണ് എന്നും സമിതി ആരോപിച്ചു.