Kerala

വീട്ടില്‍ മദ്യവില്‍പ്പന: മധ്യവയസ്‌കന്‍ പിടിയില്‍

Spread the love

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര സ്വദേശി വിശ്വംഭരനെയാണ് കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. ഷാംനാഥും സംഘവും പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 22 കുപ്പി മദ്യവും പിടിച്ചെടുത്തു. ഇയാള്‍ മുന്‍പ് ചാരായം വാറ്റിയ കേസിലും മദ്യവില്പന നടത്തിയ കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു. എക്സൈസ് സംഘത്തില്‍ ഉദ്യോഗസ്ഥരായ മോയിഷ്.എ.വി, സുനില്‍കുമാര്‍. പി.ആര്‍, മന്മഥന്‍.കെ.എസ്, അനീഷ് ഇ പോള്‍, രാജേഷ്.ടി, റിഹാസ്.എ.എസ്, സിജാദ്.കെ.എം, തസ്നിം.കെ.എം എന്നിവരും ഉണ്ടായിരുന്നു.

പട്ടാമ്പിയില്‍ മദ്യ കച്ചവടം നടത്തിയ യുവാവിനെയും പിടികൂടിയെന്ന് എക്‌സൈസ് അറിയിച്ചു. പട്ടാമ്പി മട്ടായ സ്വദേശി മുസ്തഫയാണ് പിടിയിലായത്. ചില്ലറ വില്പനക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കുന്ന വ്യക്തിയാണ് മുസ്തഫയെന്ന് എക്‌സൈസ് പറഞ്ഞു. മദ്യം എത്തിക്കുന്നതിനു പല കുറുക്കുവഴികളും ഇയാള്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടും തൊണ്ടി മുതലുമായി മുസ്തഫയെ പിടികൂടുക അത്ര എളുപ്പമായിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി എക്സൈസ് ഷാഡോ വിംഗ് പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും എക്‌സൈസ് പറഞ്ഞു.

ഒടുവില്‍ പട്ടാമ്പി എക്‌സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.ഷിബു കുമാറും സംഘവും രാത്രിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്‌കൂട്ടിയില്‍ 7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം സഹിതമാണ് ഇയാളെ പിടികൂടിയതെന്നും എക്‌സൈസ് അറിയിച്ചു. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.