ജസ്‌ന തിരോധാന കേസ്; മുദ്രവെച്ച കവറിൽ തെളിവുകൾ കോടതിക്ക് കൈമാറി പിതാവ്
ജസ്‌ന തിരോധാന കേസിൽ മുദ്രവെച്ച കവറിൽ തെളിവുകൾ കോടതിക്ക് കൈമാറി പിതാവ് ജയിംസ് ജോസഫ്. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ ഹർജിയിലാണ് തുടർനീക്കം.
ജസ്ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവുകൾ മുദ്രവെച്ച കവറിൽ കൈമാറിയത്. ഇവ സിജെഎം കോടതി പരിശോധിച്ചു.
കേസ് ഡയറി ഹാജരാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവ് ഹാജരാക്കിയ തെളിവുകൾ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെങ്കിൽ, തുടരന്വേഷണത്തിന് ഉത്തരവിടുമെന്നാണ് കോടതി നിലപാട്. കേസ് നാളെ വീണ്ടും പരിഗണിക്കും.