Kerala

റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോ​ഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി

Spread the love

സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും റെക്കോഡാണ്. 92.10 ദശലക്ഷം യൂണിറ്റാണ് പുറത്തു നിന്നും എത്തിച്ചത്. പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ട് എത്തി റെക്കോർഡിട്ടു. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടും ഉപയോഗം കുറയാത്തത് ബോർഡിനെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ സംസ്ഥാനത്തെ പലയിടത്തും പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

പ്രാദേശിക നിയന്ത്രണം കൂടുതൽ ശക്തമാക്കാനാണ് ബോർഡിൻ്റെ തീരുമാനം. ഇതിനായി ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി.

വൻകിട വ്യവസായ ശാലകൾക്കുള്ള രാത്രികാല നിയന്ത്രണം ഉടൻ തുടങ്ങും. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പമ്പിംഗിനും നിയന്ത്രണമുണ്ടാകും. പീക്ക് സമയമായ വൈകിട്ട് 6 മുതൽ രാത്രി 12 മണി വരെ പമ്പിംഗ് നടത്തരുതെന്ന് വാട്ടർ അതോറിറ്റിയോട് കെ.എസ്.ഇ.ബി നിർദേശിക്കും. വൈദ്യുതി പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കാൻ ആകുമെന്ന് വൈദ്യുതി ബോർഡിൻ്റെ വിലയിരുത്തൽ. ഒരാഴ്ചയ്ക്കുള്ളിൽ വേനൽമഴ ലഭിച്ചു തുടങ്ങുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനത്തിലാണ് ബോർഡിൻ്റെ പ്രതീക്ഷ. 2027ൽ ഉപയോഗിക്കേണ്ടത്ര വൈദ്യുതി കേരളത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തൽ.