Kerala

നാല് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Spread the love

സംസ്ഥാനത്ത് കനത്ത ചൂട് കണക്കിലെടുത്ത് പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും. സൂര്യാഘാതം ഏറ്റ് ഇന്നലെ മാത്രം സംസ്ഥാനത്ത് രണ്ട് മരണം സംഭവിച്ചു. കനത്ത ചൂടിനെ തുടർന്ന് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാസം 6 വരെ അടച്ചിടുകയാണ്. സംസ്ഥാനത്ത് ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില ജില്ലകളിൽ രാത്രി താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട് ഇന്നലെ വീണ്ടും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. 39 ഡിഗ്രി സെൽഷ്യസ് ചൂട് കൊല്ലം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ രേഖപ്പെടുത്തി. അതിനിടെ ചൂടിന് ആശ്വാസമായി വേനൽ മഴ തുടരുമെന്നും പ്രവചനം ഉണ്ട്.

ഉഷ്ണതംരംഗ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മേയ് 6 വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും.

കേരളത്തിലെ സാഹചര്യത്തിന് സമാനമായി തമിഴ്നാട്ടിലും കൊടുംചൂട് തുടരുകയാണ്. ചരിത്രത്തിൽ ആദ്യമായി ചൂട് കൂടിയതിനാൽ തമിഴ് നാട്ടിലെ ഏഴ് ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്. മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പുള്ളത്. കരൂർ പരമതിയിൽ ഇന്നലെ 44.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.