സത്യം പുറത്തുവരും, കേരളം തന്ന ധൈര്യമാണ് മുതല്‍ക്കൂട്ട്; ലൈംഗിക ആരോപണം നിഷേധിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്
തനിക്കെതിരായ ലൈംഗിക പീഡന പരാതി നിയമപരമായി നേരിടുമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. തൃണമൂല്‍ കോണ്‍ഗ്രസ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് വ്യാജ ആരോപണമാണെന്നും സത്യം എന്നായാലും പുറത്തുവരുമെന്നും സി വി ആനന്ദബോസ് പറഞ്ഞു. ബംഗാളിലെ അഴിമതിയ്ക്കും ആക്രമണത്തിനെതിരെയും ഇനിയും പോരാടും. തിരികെ ബംഗാളിലെത്തിയ ശേഷം കൂടുതല്‍ നടപടികളുണ്ടാകുമെന്ന് ഗവര്‍ണര്‍ പറയുന്നു. കേരളം തന്ന ധൈര്യവും സത്യസന്ധതയുമാണ് തന്റെ മുതല്‍ക്കൂട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ സര്‍ക്കാരിനെക്കുറിച്ച് രാഷ്ട്രപതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയോ എന്നതില്‍ ഗവര്‍ണര്‍ പ്രതികരിക്കാന്‍ തയാറായില്ല. തന്റെ സര്‍ക്കാരാണ് ബംഗാളിലുള്ളത്. സര്‍ക്കാരിനെ നേരായ ദിശയില്‍ നയിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പല്ല എന്ന് ഉറപ്പിക്കും. ആര് പേടിപ്പിക്കാന്‍ ശ്രമിച്ചാലും പേടിക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്ഭവനിലെത്തിയ സ്ത്രീയോട് ഗവര്‍ണര്‍ മോശമായി പെരുമാറിയെന്നും ലൈംഗികമായി ആക്രമിച്ചെന്നും തൃണമൂല്‍ എംപി സാഗരിക ഘോഷാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സാഗരിക ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്.