വേനൽചൂടിൽ വെന്തുരുകേണ്ട; ധരിച്ച് നടക്കാവുന്ന ACയുമായി സോണി
സംസ്ഥാനത്ത് ചൂട് വർധിച്ചു വരികയാണ് പോരാത്തതിന് ഉഷ്ണതരംഗ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത അസ്ഥയാണ്. പോക്കറ്റിൽ ഇട്ട് നടക്കാവുന്ന എ.സി ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും ആഗ്രഹിച്ചുപോകാറുണ്ട്. എന്നാൽ ഈ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ജാപനീസ് ടെക് ഭീമനായ സോണി.
റിയോൺ പോക്കറ്റ് 5 എന്ന് പേരുള്ള ധരിക്കാവുന്ന എയർകണ്ടീഷണർ ആണ് സോണി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ഷർട്ടിൻ്റെയോ ടീ-ഷർട്ടിൻ്റെയോ പിൻഭാഗത്ത് സ്ഥാപിക്കാവുന്ന തരത്തിലാണ് റിയോൺ പോക്കറ്റ് 5. ഏപ്രിൽ 23 നാണ് സോണി ഇത് അവതരിപ്പിച്ചത്. ‘സ്മാർട് വെയറബിൾ തെർമോ ഡിവൈസ് കിറ്റ്’ എന്നാണ് ഈ ഉപകരണത്തെ സോണി വിശേഷിപ്പിക്കുന്നത്.
ചൂടുകാലത്തും ശൈത്യകാലത്തും റിയോൺ പോക്കറ്റ് 5 ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളും റിയോൺ പോക്കറ്റ് 5ലുണ്ട്. 17 മണിക്കൂറാണ് ബാറ്ററി ദൈർഘ്യം. തണുപ്പ് നൽകുന്നതിനായി ഉപകരണം തെർമോ മൊഡ്യൂളിനെയും താപനില, ഈർപ്പം, മോഷൻ എന്നിവക്കായുള്ള രണ്ട് സെൻസറുകളെയുമാണ് ആശ്രയിക്കുന്നത്. 14500 രൂപ മുതലാണ് വില വരുന്നത്. ഇന്ത്യയിൽ നിലവിൽ ഉപകരണം എത്തിയിട്ടില്ല.