രാംലല്ലയെ കണ്ടുതൊഴുത് രാഷ്ട്രപതി; സരയൂ തീരത്തെ ആരതിയില്‍ പങ്കെടുത്തു
അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. രാം ലല്ലയെ തൊഴുതു വണങ്ങുന്ന രാഷ്‌ട്രപതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സന്ദർശനം. രാമക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്ബ് രാഷ്ട്രപതി ഹനുമാൻഗർഹി ക്ഷേത്രത്തിലെത്തി. തുടർന്ന്, സരയൂ തീരത്തെ ആരതിയിലും പങ്കുകൊണ്ടു. കുബേർ ടീലയും രാഷ്ട്രപതി സന്ദർശിക്കുമെന്ന് ചൊവ്വാഴ്ച രാഷ്ട്രപതിഭവൻ അറിയിച്ചിരുന്നു.
ബുധനാഴ്ച വൈകീട്ടോടെ അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേല്‍ സ്വീകരിച്ചു. വി.ഐ.പി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലും ഭക്തർക്കായുള്ള ക്യൂ സംവിധാനം നിലനിർത്തുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
അയോധ്യ രാമക്ഷേത്രോദ്ഘാടനം രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമാണെന്ന് റിപ്പബ്ലിക് ദിനാഘോഷത്തിൻറെ ഭാഗമായുള്ള അഭിസംബോധനയില്‍ രാഷ്ട്രപതി പറഞ്ഞിരുന്നു. പ്രാണപ്രതിഷ്ഠ രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂർത്തമാണെ രാഷ്ട്രപതി അഭിപ്രായപ്പെട്ടു. 2024 ജനുവരി 22-നായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ.