Kerala

കണ്ണൂരിലും തൃശൂരിലും വയലില്‍ വൻ തീപ്പിടുത്തം; ഏക്കറുകണക്കിന് ഭൂമിയില്‍ തീ പടര്‍ന്നു

Spread the love

തിരുവനന്തപുരം: കണ്ണൂരിലും തൃശൂരിലും വയലുകളില്‍ വൻ തീപ്പിടുത്തം. ഏക്കറുകണക്കിന് ഭൂമിയിലാണ് തീ പടര്‍ന്നത്. രണ്ടിടത്തും ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. പുല്ല് വളര്‍ന്നുനില്‍ക്കുന്ന വയലുകളിലാണ് തീപ്പിടുത്തമുണ്ടായത്. ഇത് പൊടുന്നനെ തന്നെ പടരുകയായിരുന്നു. നാല് മണിക്കും തീ അണയ്ക്കാൻ സാധിച്ചിരുന്നില്ല.

കണ്ണൂർ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ അധികവും ഉണങ്ങിയ പുല്ലാണ് ഉണ്ടായിരുന്നത്. ഇതുതന്നെയാണ് തീപ്പിടുത്തതിന് കാരണമായിരിക്കുന്നത്. തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്സെത്തിയെങ്കിലും വെള്ളത്തിന്‍റെ ദൗര്‍ലഭ്യം തീ അണയ്ക്കുന്നതിന് വിഘാതമാകുന്നുണ്ട്. എങ്കിലും ഇവിടെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്താകെ പുക പടര്‍ന്ന് ഒന്നും കാണാനാകാത്ത അവസ്ഥ ആയതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. അപ്പോഴേക്ക് ഏക്കറുകണക്കിന് പരന്നുകിടക്കുന്ന വയലില്‍ തീ വല്ലാതെ പടര്‍ന്നിരുന്നു.

തൃശൂരിലും സമാനം തന്നയാണ് അവസ്ഥ. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു മുഴുവൻ. പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് ഏവരും വിവരമറിഞ്ഞത്. ഒരു യൂണിറ്റ് ഫയര്‍ഫോഴ്സ് മാത്രമാണ് ഇവിടേക്ക് എത്തിയിരുന്നത്. അതിനാല്‍ നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയായിരുന്നു.

കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാൻ കാരണമായതെന്നാണ് നിഗമനം. ആളുകള്‍ക്ക് പരുക്കില്ല