മുസ്‌ലിങ്ങൾക്ക് മാത്രമാണോ മക്കളുള്ളത് എനിക്ക് അഞ്ച് മക്കളുണ്ട് മോദിയെ പരിഹസിച്ച് ഖാർഗെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗൾസൂത്രയും മുസ്ലിം വിഷയവുമെല്ലാം തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ഉന്നയിക്കുന്നതെന്ന് മല്ലികാർജ്ജുൻ ഖർഗെ. രാജസ്ഥാനിലെ റാലിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം പരാമർശിച്ചായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.
ഞങ്ങൾ ഭൂരിപക്ഷം നേടാൻ പോവുകയാണ്. അതിനാലാണ് അദ്ദേഹം എപ്പോഴും മംഗൾസൂത്രയും മുസ്ലിങ്ങളെയും കുറിച്ച് സംസാരിക്കുന്നത്. നിങ്ങളുടെ സമ്പത്ത് ഞങ്ങൾ അപഹരിക്കുമെന്നും അത് കൂടുതൽ കുട്ടികളുള്ളവർക്ക് കൊടുക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. പാവപ്പെട്ടവർക്ക് എപ്പോഴും കൂടുതൽ കുട്ടികളുണ്ടാവും. മുസ്ലിങ്ങൾക്ക് മാത്രമാണോ കുട്ടികളുള്ളത്? എനിക്ക് അഞ്ച് മക്കളുണ്ട്’ – ഖർഗെ ഛത്തീസ്‌ഗഡിലെ ജഞ്ച്ഗിർ-ചംപ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
രാജസ്ഥാനിൽ കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളെ ചൊല്ലിയാണ് വാദപ്രതിവാദം. ‘മുൻപ് കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോൾ അവർ പറഞ്ഞത് രാജ്യത്തിൻ്റെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലിങ്ങൾ എന്നാണ്. അതിനർത്ഥം അവർ ഈ സമ്പത്ത് മുഴുവൻ കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ്…’- മോദി പറഞ്ഞു.
1948 ൽ തങ്ങളുടെ വീട് അഗ്നിക്കിരയാക്കി അമ്മയെയും അമ്മാവനെയും കൊലപ്പെടുത്തിയതിനെ കുറിച്ചും ഖർഗെ തൻ്റെ മറുപടിയിൽ പറഞ്ഞു. ‘ഏക മകനായിരുന്നു ഞാൻ. എൻ്റെ വീട് കത്തിച്ച് എല്ലാവരെയും കൊന്നു. അന്ന് എൻ്റെ അച്ഛൻ പറഞ്ഞത്, അദ്ദേഹം ജീവിക്കുന്നത് എൻ്റെ മക്കളെ കാണാൻ വേണ്ടി മാത്രമെന്നാണ്. അതായത് പാവപ്പെട്ടവർക്ക് പണമുണ്ടാകില്ല, എന്നാൽ കൂടുതൽ കുട്ടികളുണ്ടായിരിക്കും. എന്തിനാണ് നിങ്ങൾ (മോദി) മുസ്ലിങ്ങളെ കുറിച്ച് മാത്രം പറയുന്നത്? മുസ്ലിങ്ങളും അവരുടെ രാജ്യത്താണ് കഴിയുന്നത്. സഹോദരങ്ങളേ അവർ പറയുന്നത് കേട്ട് നിങ്ങൾ തെറ്റിദ്ധരിക്കരുത്, നമുക്ക് ഒന്നിച്ച് ഈ രാജ്യം പടുത്തുയർത്താം. ഈ രാജ്യത്തെ വിഭജിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച് ശ്രമിക്കാം,’- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 55 വർഷം കോൺഗ്രസ് അധികാരത്തിലിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ആരുടെയെങ്കിലും മംഗൾസൂത്ര ഇത്രയും വർഷം അധികാരത്തിലിരുന്നിട്ട് കോൺഗ്രസ് കവർന്നെടുത്തിട്ടുണ്ടോ? എന്നെങ്കിലും നികുതിഭാരം അടിച്ചേൽപ്പിക്കുകയും ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ആളുകളെ ജയിലിലാക്കുകയും ചെയ്തിട്ടുണ്ടോ? കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരാൻ ധൈര്യം കാട്ടിയത്. അവർ (ബിജെപി) അങ്ങനെ എന്തെങ്കിലും ചെയ്തോ? ഞങ്ങൾ ഭക്ഷ്യ സുരക്ഷാ നിയമവും കൊണ്ടുവന്നു. ഇതൊക്കെ ഞങ്ങളുടെ ഗ്യാരൻ്റിയാണെന്ന് ഞങ്ങളൊരിക്കലും പറഞ്ഞിട്ടില്ല. പക്ഷെ ഞങ്ങളിതെല്ലാം ചെയ്തത് രാജ്യത്താരും വിശപ്പറിയാതെ ജീവിക്കാനാണ്, അതിന്റെ നേട്ടം കോടിക്കണക്കിന് ആളുകൾക്ക് കിട്ടി’- അദ്ദേഹം പറഞ്ഞു.
ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി പോലുള്ള മുൻ പ്രധാനമന്ത്രിമാരുമായി നരേന്ദ്ര മോദിയെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി, രാജീവ് ഗാന്ധി.. അവരുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ (മോദി) ഒന്നുമല്ല. അവർ രാജ്യത്തെ ഇരുമ്പ് ഫാക്ടറികളും കൽക്കരി ഖനികളും അണക്കെട്ടുകളും പൊതുമേഖലാ സ്ഥാപനങ്ങളും എല്ലാം വിറ്റഴിച്ചു. അതല്ലാതെ മറ്റെന്താണ് ഇവർ, എല്ലാം വെറും പൊള്ളത്തരം മാത്രം’- അദ്ദേഹം വിമർശിച്ചു.