ആലുവ ഗുണ്ടാ ആക്രമണം; പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു
ആലുവാ ഗുണ്ടാ ആക്രമണത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ, ദൃക്സാക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്താണ് ആക്രമണം നടന്നത്. അർഷദുമായി നുസു, കബീർ എന്നിവർക്ക് പ്രശ്നമുണ്ടായിരുന്നു. അർഷദിനെ ലക്ഷ്യമിട്ടെത്തിയ സംഘം കണ്ണിൽ കണ്ടവരെ ഒന്നാകെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ മാരക പരുക്കേറ്റ സുലൈമാന് കേസുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് കബീർ പോലീസ് കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്.
ആക്രമണം നടത്തിയത് ജില്ലയ്ക്ക് പുറത്തുള്ള ഗുണ്ടാസംഘമാണെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്താനായി പ്രതികളെത്തിയ കാർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ചുവന്ന കാറിലും മൂന്ന് ടൂവീലറുകളിലും ആണ് ആക്രമിസംഘം സ്ഥലത്തെത്തിയത്. പ്രതികൾ മുഖം മറച്ചിരുന്നില്ല. ആക്രമണത്തിനു ശേഷവും പ്രതികൾ അരമണിക്കൂറോളം പരിസരപ്രദേശങ്ങളിൽ കാറിൽ കറങ്ങി
ഇന്നലെയാണ് ആലുവയെ നടുക്കി ഗുണ്ടാ ആക്രമണം നടക്കുന്നത്. ആക്രമണത്തിൽ മുൻ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. പരിക്കേറ്റവരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രവർത്തകനുമായ പി സുലൈമാനാണ് വെട്ടേറ്റത്. പ്രദേശത്തുള്ള ഗുണ്ടാ സംഘത്തിൻറെ നേതൃത്വത്തിലാണ് ആക്രമണം. ചുറ്റികകൊണ്ട് സുലൈമാൻറെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തുണ്ടായ തർക്കത്തെതുടർന്നാണ് ഇപ്പോൾ ആക്രമണം ഉണ്ടായത്. അതിക്രൂരമായാണ് സുലൈമാനെ ആക്രമിച്ചത്. കാർ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ചുറ്റികകൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ സുലൈമാൻറെ നെഞ്ചത്തും പലതവണ ചവിട്ടി. വീണുകിടന്ന സുലൈമാനെ വീണ്ടും ആയുധം കൊണ്ട് ആക്രമിക്കുന്നതും വെട്ടിപരിക്കേൽപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.