Kerala

സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട്

Spread the love

സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ആലപ്പുഴ ജില്ലയിൽ ആദ്യമായാണ് രാത്രികാല ചൂട് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.

പാലക്കാടിനു പുറമെ തൃശൂർ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയില്ലാണ്. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസും തൃശൂർ വെള്ളാനിക്കരയിൽ 40 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂട് രേഖപെടുത്തിയത്തോടെയാണ് രണ്ട് ജില്ലകളിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്.

ഊഷ്ണതരംഗത്തെ ഗൗരവത്തിൽ കാണണമെന്ന് പാലക്കാട് ഡിഎംഓ ഡോ.കെ ആർ വിദ്യ നിർദേശം നൽകി. ഉഷ്ണതരംഗം നിസാരമല്ല. ഏപ്രിൽ 1 മുതൽ ഇതുവരെ 222 കേസുകളാണ് ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർ​ഗം. പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നവർ സൂര്യഘാതമേൽക്കാനുളള സാധ്യതകൾ ഇല്ലാതാക്കണമെന്നും ബൈക്ക് യാത്രക്ക് നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും ഡിഎംഒ പ്രതികരിച്ചു.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും അസാധാരണമായ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ഉയർന്ന താപനില 41ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് 39ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ 38ഡിഗ്രി സെൽഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 37 വരെയും, തിരുവനന്തപുരത്ത് ഉയർന്ന താപനില 36 വരെയും വർധിക്കാൻ സാധ്യതയുണ്ട്.