Kerala

‘ടീമിലെത്താൻ ഇതില്‍ കൂടുതല്‍ എന്താണ് സഞ്ജു ചെയ്യേണ്ടത്?’ പിന്തുണയുമായി ഷാഫി പറമ്പില്‍

Spread the love

ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന സഞ്ജു സാംസണ് പിന്തുണയുമായി കോൺ​ഗ്രസ് നേതാവും എം എൽഎയുമായ ഷാഫി പറമ്പിൽ. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണ് പിന്തുണയേറുകയാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടാൻ ഒരു ക്രിക്കറ്റ് താരം ഇനി എന്താണ് ചെയ്യേണ്ടതെന്നാണ് ഷാഫിയുടെ ചോദ്യം. ഐപിഎല്ലിൽ മലയാളി താരം നടത്തിയ മികച്ച പ്രകടനങ്ങൾ ചൂണ്ടികാട്ടിയാണ് കോൺ​ഗ്രസ് നേതാവ് ഫേസ്ബുക്കിലൂടെ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

ഒരു ബാറ്ററായി 385 റൺസ് സഞ്ജു ഇതുവരെ നേടിക്കഴിഞ്ഞു. 77 റൺസാണ് ശരാശരി. 161.08 ആണ് സ്ട്രൈക്ക് റേറ്റ്. ഐപിഎൽ സീസണിൽ ഒരു ക്യാപ്റ്റൻ നേടുന്ന ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ആണിത്. സീസണിൽ രാജസ്ഥാൻ റോയൽസ് ഇതുവരെ എട്ട് വിജയങ്ങൾ നേടിയിരിക്കുന്നു.

നാല് അർദ്ധ സെഞ്ച്വറികളും രണ്ട് തവണ മികച്ച താരത്തിനുള്ള പുരസ്കാരവും മലയാളി താരം സ്വന്താക്കി. 2024ലെ ഐപിഎൽ സ‍ഞ്ജുവിന്റേതാണെന്ന് ചിത്രങ്ങളിലൂടെ ഷാഫി വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് കോൺ​ഗ്രസ് എം പി ശശി തരൂരും സഞ്ജുവിനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. ലോകകപ്പ് ടീമിലടക്കം സഞ്ജുവിന്റെ പേര് ചർച്ച പോലും ചെയ്യുന്നില്ല. സഞ്ജുവിന് നീതി നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് തയ്യാറാകണമെന്നും തരൂർ പ്രതികരിച്ചു.