National

സ്പെക്ട്രം വിതരണത്തിൽ ലേലം ഒഴിവാക്കേണ്ട സാഹചര്യമുണ്ട്; സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

Spread the love

ടു-ജി സ്പെക്ട്രം അഴിമതി കേസിൽ 122 ടെലികോം ലൈസൻസുകളും റദ്ദാക്കിയ സുപ്രീം കോടതിയുടെ നിർണായക വിധി വന്ന് വന്ന് ഒരു ദശാബ്ദത്തിലേറെ പിന്നിട്ട ശേഷം, ചില സ്പെക്ട്രങ്ങളുടെ വിതരണത്തിൽ ലേലം ഒഴിവാക്കാൻ അനുമതി തേടി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വളരെ കുറച്ച് മാത്രമുള്ള സ്വാഭാവിക സ്രോതസ്സ് എന്ന നിലയിൽ സ്പെക്ട്രം വിതരണം ലേലത്തിലൂടെ തീർത്തും സുതാര്യവും നിഷ്‌പക്ഷവുമായിരിക്കണമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി നിർദ്ദേശം നൽകിയതാണ്. ലേലം ഒഴിവാക്കി, ഓപറേറ്റർമാരെ നേരിട്ട് തിരഞ്ഞെടുക്കാൻ പ്രത്യേക അധികാരം ഭരണകൂടത്തിന് നൽകണമെന്നാണ് ഇപ്പോഴത്തെ ഹർജിയിലൂടെ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ( Why is Centre seeking a ‘clarification’ of the 2G spectrum scam verdict )

അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി അടിയന്തിര പരിഗണന ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച ഹർജി സുപ്രീം കോടതിയ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ മുന്നിലേക്ക് എത്തിയത്. ആവശ്യം ഇ-മെയിലായി അയക്കാനായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ നിർദ്ദേശം. ടു-ജി സ്പെക്ട്രം അഴിമതി കേസിൽ എ രാജ, കനിമൊഴി എന്നിവരടക്കം 15 പ്രമുഖരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ ദില്ലി ഹൈക്കോടതിയിൽ സിബിഐ അപ്പീൽ ഹർജി സമർപ്പിച്ച് ഒരു മാസം പിന്നിടും മുൻപാണ് ഈ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിക്കപ്പെട്ടത്.

2008 ലാണ് ടു-ജി സ്പെക്ട്രം അന്നത്തെ യുപിഎ സർക്കാരിനെതിരെ വലിയ അഴിമതി ആരോപണമായി ഉന്നയിക്കപ്പെട്ടത്. 122 ടു-ജി ലൈസൻസുകൾ ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന പരിഗണനയിൽ വിതരണം ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയായിരുന്നു വിമർശനം. 2011 ഏപ്രിൽ മാസത്തിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേന്ദ്രസർക്കാരിന് 30984 കോടി രൂപയുടെ നഷ്ടം ഈ സ്പെക്ട്രം വിതരണത്തിലെ ക്രമക്കേട് വഴി ഉണ്ടായെന്ന് ആരോപിച്ചിരുന്നു. ഇതിനിടെ പ്രമുഖ ബിജെപി നേതാവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന സുബ്രഹ്മണ്യൻ സ്വാമിയും 70000 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ പരാതി നൽകിയിരുന്നു. 2012 ഫെബ്രുവരിയിലാണ് ഈ സ്പെക്ട്രം വിതരണത്തിൽ ക്രമക്കേട് ശരിവച്ച് എല്ലാ ലൈസൻസുകളും സുപ്രീം കോടതി റദ്ദാക്കിയത്.

മുൻകൂട്ടി അറിയിച്ച് നടത്തുന്ന ലേലത്തിലൂടെ ഇത്തരം സ്പെക്ട്രം വിതരണങ്ങൾ സുതാര്യമായും നടത്തുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യമെത്തുന്നവർക്ക് ആദ്യമെന്ന നിലയിൽ സ്വാഭാവിക സ്രോതസ്സുകൾ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപയോഗിക്കാൻ അനുമതി നൽകുന്നത് ലാഭക്കൊതിയോടെ പ്രവർത്തിക്കുന്നവർക്ക് ഇവ ദുരുപയോഗം ചെയ്യുന്നതിനുള്ള അവസരമാകും എന്നായിരുന്നു മുന്നറിയിപ്പ്. വേർതിരിവുകളില്ലാത്ത രീതിയിലാണ് വിഭവങ്ങൾ വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിന് മേൽ നിക്ഷിപ്തമാണെന്ന് കൂടി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഇപ്പോഴത്തെ ഹർജിയിൽ കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങളും സവിശേഷമാണ്. വാണിജ്യ ടെലികോം സേവനങ്ങൾക്ക് മാത്രമല്ല സ്പെക്ട്രം ആവശ്യമുള്ളതെന്നും ദുരന്ത മുന്നൊരുക്കം, സുരക്ഷ, കാവൽ തുടങ്ങിയ പല മേഖലകൾക്കും സ്പെക്ട്രം ആവശ്യമാണെന്നും വാദമുയർത്തിയാണ് പുതിയ ഹർജി. 2012 ലെ സുപ്രീം കോടതി വിധിക്ക് ശേഷം വാണിജ്യേതര സ്പെക്ട്രം ലേലം ഇടക്കാല അടിസ്ഥാനത്തിലായിരുന്നു. മാത്രമല്ല കേന്ദ്രസർക്കാരിന്റെ നയവും വില നിർണയവും ഇതിന് ബാധകമായിരുന്നു. എന്നിരുന്നാലും പൊതുവായ നന്മയ്ക്ക് വേണ്ടി സ്പെക്ട്രം വിതരണം ലേലത്തിലൂടെയല്ലാതെ നൽകുന്നതിന് ശക്തമായ സംവിധാനം ആവശ്യമാണെന്ന് കേന്ദ്രം പറയുന്നു. ഒപ്പം ബഹിരാകാശ ആശയവിനിമയം, ആവശ്യം കൂടുകയും സപ്ലൈ കുറയുന്നതുമായ സാഹചര്യങ്ങളിൽ സർക്കാർ ഇടപെടൽ സ്പെക്ട്രം വിതരണത്തിൽ ആവശ്യമായി വരുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനാൽ തന്നെ സാങ്കേതികവും സാമ്പത്തികവുമായ കാരണങ്ങളാൽ പൊതുതാത്പര്യവും സർക്കാർ പ്രവർത്തനങ്ങളും പരിഗണിച്ച് സ്പെക്ട്രം വിതരണം ലേലത്തിലൂടെയല്ലാതെ, നിയമവിധേയമായി ഭരണപരമായ നടപടിക്രമങ്ങളിലൂടെ നേരിട്ട് നൽകുന്നതിന് സർക്കാരിന് വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. 2012 ഫെബ്രുവരിയിലെ വിധിക്ക് മേലെ ഭരണഘടനാ ബെഞ്ച് പിന്നീട് പരാമർശിച്ച സുപ്രധാന നിർദ്ദേശം ഇപ്പോൾ കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്. സ്പെക്ട്രം ഒഴികെയുള്ള പ്രകൃതി വിഭവങ്ങളുടെ വിനിയോഗത്തിന് ലേലം രീതി തന്നെ അലവംബിക്കണമെന്നത് ഭരണഘടനാപരമായ നിർദ്ദേശമല്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തന്നെ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിലൂടെ പ്രകൃതി വിഭവങ്ങളുടെ വിനിയോഗവുമായി ബന്ധപ്പെട്ട് ലേലം ഭരണഘടനാപരമായ തത്വമല്ലെന്ന് അടിവരയിടുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നതെന്ന വാദമാണ് ഉയർന്നത്. പൊതുവിൽ സ്വീകാര്യമായ ഉചിതമായ മാർഗമെന്ന നിലയിൽ ലേലത്തെ കാണാമെന്നും എന്നാൽ ഭരണഘടനാ ബെഞ്ചിൽ വാദം കേട്ട ജസ്റ്റിസുമാർ ലേലത്തേക്കാൾ അനുയോജ്യമായ മാർഗങ്ങളുണ്ടെങ്കിൽ പരിഗണിക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുമാണ് വാദം. എങ്കിലും ടു-ജി കേസിൽ പ്രതിപാദിച്ചത് പ്രകാരം സ്പെക്ട്രം വിതരണം ലേലത്തിലൂടെയല്ലാതെ മറ്റ് മാർഗങ്ങളിലൂടെയാകരുതെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തിയതാണ്.

എന്നാൽ കഴിഞ്ഞ വർഷം പാർലമെൻ്റ് പാസാക്കിയ നിയമം ഒന്നാം ഷെഡ്യൂളിൽ വരുന്ന – ദേശ സുരക്ഷ, പ്രതിരോധം, നിയമ പരിപാലനം, സ്പേസ് എക്സ്-വൺ വെബ് പോലുള്ള ഉപഗ്രഹ കേന്ദ്രീകൃതമായ ആഗോള മൊബൈൽ പേഴ്സണൽ ആശയവിനിമയം- എന്നിവയ്ക്ക് സ്പെക്ട്രം വിതരണത്തിന് ലേലം ഇല്ലാതെ കേന്ദ്രസർക്കാരിന് തീരുമാനം എടുക്കാൻ അധികാരം നൽകുന്നതാണ്. ഒരു തവണ വിതരണം ചെയ്ത സ്പെക്ട്രത്തിൽ ഒരു ഭാഗം മറ്റൊരാൾക്ക് നൽകാനും കൃത്യമായി ഉപയോഗിക്കപ്പെടാത്ത സ്പെക്ട്രത്തിൻ്റെ വിതരണം റദ്ദാക്കുന്നതിനും കേന്ദ്ര സർക്കാരിന് പുതിയ നിയമം ബലം പകരുന്നുണ്ട്.