National

ഒരുരൂപ പോലും കള്ളപ്പണമായി കണ്ടെത്തിയിട്ടില്ല; അറസ്റ്റ് രാഷ്ട്രീയപ്രേരിതം; സുപ്രിംകോടതിയിൽ അരവിന്ദ് കെജ്‌രിവാൾ

Spread the love

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ ഡിയുടെ വാദമുഖങ്ങൾ തള്ളി സുപ്രിംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് കെജ്‌രിവാൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ മദ്യനയ അഴിമതിപ്പണം ചെലവഴിച്ചു എന്ന ഇ ഡി യുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെജ്‌രിവാൾ വാദിച്ചു. ആം ആദ്മിയുടെ ബന്ധപ്പെട്ട് ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൗത്ത് ​ഗ്രൂപ്പിൽ നിന്ന് എഎപി കോഴ വാങ്ങിയെന്നത് ആരോപണം മാത്രമാണ്. കോഴപ്പണം ​ഗോവ തെരഞ്ഞെടുപ്പിൽ ഉപയോ​ഗിച്ചതിനും തെളിവില്ല. സുപ്രിംകോടതിയിൽ കെജ്രിവാൾ എതിർസത്യവാങ്മൂലം ഫയൽ ചെയ്തു. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണ്.

Read Also: സുനിത കെജ്‌രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക്; പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്താൻ ആം ആദ്മി

അതേസമയം കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് എഎപി പ്രവർത്തകർ മാർച്ച് നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി

സുനിത കെജ്‌രിവാളിന്റെ റോഡ്ഷോയ്ക്ക് മുന്നോടിയായിട്ടായിരുന്നു പ്രതിഷേധ മാർച്ച്. എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാറിനു വേണ്ടിയാണ് സുനിത കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റിന് തക്കതായ മറുപടി നൽകാൻ ഡൽഹിയിലെ ജനങ്ങൾ തയ്യാറാണെന്ന് കുൽദീപ് കുമാർ പറഞ്ഞു.