Kerala

‘പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത്’; മാത്യു കുഴല്‍നാടന്‍

Spread the love

സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ബിജെപി- സിപിഐഎം ബന്ധമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീലെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മാസപ്പടി, സ്വര്‍ണക്കടത്ത് എന്നിവയില്‍ ഉള്‍പ്പെടെ ഗുണം കിട്ടിയത് പിണറായിയ്ക്കും കുടുംബത്തിനുമാണ്. ന്യൂനപക്ഷം ഇനി സിപിഐഎമ്മിനെ വിശ്വസിക്കില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂരില്‍ സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും തൃശൂര്‍ സീറ്റ് കൊടുത്താല്‍ ലാവ്‌ലിന്‍ കേസ് ഒഴിവാക്കുമെന്ന ദല്ലാള്‍ നന്ദകുമാറിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം. ബിജെപിയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ജാവദേക്കര്‍ ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും ലാവ്ലിന്‍ കേസ് ഒത്തു തീര്‍പ്പാക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും ടി ജി നന്ദകുമാര്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കെ സുധാകരനും പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ബിജെപിയിലേക്ക് പോകാന്‍ കെ സുധാകരന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം കിട്ടിയപ്പോള്‍ കെ സുധാകരന്‍ ചാടിപ്പോഴെന്നും ടി ജി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.