National

കോൺഗ്രസ് വിട്ട മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ബിജെപിയിൽ; നീക്കം മരംമുറി കേസിലെ അന്വേഷണത്തിനിടെ

Spread the love

മിസ് ഇന്ത്യ മുൻ ഫൈനലിസ്റ്റും ഉത്തരാഖണ്ഡിലെ മുൻ വനം മന്ത്രി ഹരക് സിംഗ് റാവത്തിന്റെ മരുമകളുമായ അനുകൃതി ഗുസൈൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഹരക് സിംഗ് റാവത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മരുമകളായ അനുകൃതി ഗുസൈൻ കഴിഞ്ഞമാസം പാർട്ടി വിട്ടത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ച ഇവർ ബിജെപിയിൽ ചേരുമെന്ന് തുടക്കത്തിൽ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മാർച്ച് 16നായിരുന്നു അനുകൃതി കോൺഗ്രസ് വിട്ടത്. ബിജെപിയിൽ ചേർന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങളെ പ്രകീർത്തിക്കുകയും ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി അനിൽ ബലൂണിയെ പിന്തുണക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ അവർ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.

മുൻപ് വനം മന്ത്രിയായിരുന്ന ഹരക് സിംഗ് റാവത്ത് 2022 നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്. പിന്നീട് ഫെബ്രുവരി മാസത്തിലാണ് ഇദ്ദേഹത്തിനെതിരെ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ അനുകൃതിക്കെതിരെയും അനധികൃത മരം മുറി, ഭൂമി വിൽപ്പന കേസുകളിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഇവരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും ഉണ്ടായി.

അതിനിടെ പഞ്ചാബിൽ കോൺഗ്രസിന്റെ രണ്ടു മുൻ മന്ത്രിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കരംജീത് കൗർ ചൗധരി, എഐസിസി സെക്രട്ടറിയായിരുന്ന തജീന്ദർ ബിട്ടു എന്നിവരാണ് പാർട്ടി വിട്ടത്. ജലന്തർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കരംജീത് കൗർ ചൗധരി, മകൻ വിക്രംജിത്തിന് ഒപ്പമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.