തൃശൂർ പൂര വിവാദം ഗൗരവതരമെന്ന് മുഖ്യമന്ത്രി; പരാതികളിൽ ഡിജിപിയോട് റിപ്പോർട്ട് തേടി
തൃശൂർ പൂരം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിച്ച കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പൂരം നടത്തിപ്പ് സംബന്ധിച്ച് ദേവസ്വങ്ങളുടെ പരാതിക്കൊപ്പം മാധ്യമപ്രവർത്തർക്ക് നേരെ ശരിയല്ലാത്ത നടപടിയുണ്ടായി എന്ന പരാതിയുമുണ്ട്. അത്തരം പരാതികളെക്കുറിച്ചെല്ലാം അന്വേഷണം നടത്തും. വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂർ പൂരത്തിന് ആചാരങ്ങൾ അറിയാത്ത പൊലീസുകാർ ഡ്യൂട്ടിക്കെത്തുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ പറഞ്ഞു. വരുംകാലങ്ങളിൽ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തും. പൂരത്തിനെതിരെ പ്രത്യേക എൻജിഒകളുടെ നേതൃത്വത്തിൽ പ്രത്യേക ലോബി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
പൂരത്തിനിടയിലെ പൊലീസ് നടപടിയിൽ ജില്ലയിൽ നിന്നുള്ള മന്ത്രി കെ രാജൻ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട് അതൃപ്തി അറിയിച്ചു. തെരഞ്ഞെടുപ്പുകാലം ആയതിനാൽ പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ. പൊലീസ് കമ്മീഷണർ അങ്കിത്ത് അശോകിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. പൂരം പ്രതിസന്ധിയിൽ ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് എൽഡിഎഫിന്റെ പ്രതികരണം. അതുകൊണ്ടുതന്നെ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തെക്കുറിച്ച് അന്വേഷിച്ച നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. അതിനിടെ ആനകൾക്ക് പട്ടയും സ്‌പെഷ്യൽ കുടയുമായി എത്തിയവർക്ക് നേരെയും അങ്കിത്ത് അശോക് കയർക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു.
ബിജെപിക്ക് വോട്ട് ഉണ്ടാക്കാനാണ് ശ്രമമെന്ന് കെ മുരളീധരൻ പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളും മുറുകുകയാണ്. വിഷയത്തിൽ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് ബിജെപിയുടെയും ആരോപണം.