‘നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും’: കെ കെ ശൈലജ
നുണ പ്രചാരണങ്ങളെ അതിജീവിച്ച് യഥാർത്ഥ വസ്തുത ജനം തിരിച്ചറിയുമെന്ന് വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും. രാഷ്ട്രീയത്തിന്റെ മര്യാദകൾ ലംഖിച്ചുകൊണ്ട് മുഖ്യമന്ത്രിയെപ്പോലും കോൺഗ്രസ് അധിക്ഷേപിക്കുന്നു. ജനങ്ങൾക്ക് വേണ്ടി കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഡൽഹിയിൽ സമരത്തിന് പോയപ്പോൾ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നു അവർ അത് നിഷേധിച്ചു.
ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ മുഖ്യമന്ത്രി നേതൃത്വം നൽകുന്നുവെന്നാണ് അവിടെ പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ പറഞ്ഞത്.കോൺഗ്രസ് ആക്രമണങ്ങൾക്ക് ജനം മറുപടി നൽകുമെന്നും ശൈലജ പറഞ്ഞു. വടകരയിൽ കെ.കെ ശൈലജ ടീച്ചർക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റിയപ്പോഴാണ് നിലതെറ്റിയ പ്രവർത്തനം ചിലരിൽ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് അവർക്ക് തന്നെ വിനയാകും. സാംസ്കാരിക കേരളം ഇത് അംഗികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നുണക്ക് സമ്മാനമുണ്ടെങ്കിൽ ഒന്നാം സ്ഥാനം വി.ഡി സതീശന് ലഭിക്കും. ഇലക്ടറൽ ബോണ്ട് സി.പി.എം വാങ്ങിയിട്ടുണ്ടെന്നാണ് സതീശന്റെ പുതിയ നുണ. അടുത്തിടെ തരംതാഴ്ന്ന നിലയിലാണ് സതീശന്റെ സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.