മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടൻ്റെ ഹർജിയിൽ ഇന്ന് കോടതി വിധി പറയും.വിധി പകർപ്പ് തയ്യാറാക്കുന്നത് വൈകിയതിനാലാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. മുൻപ് ഹർജി പരിഗണിച്ചപ്പോൾ മാത്യു കുഴൽനാടൻ എം.എൽ.എ നിലപാട് മാറ്റിയത് കോടതിയുടെ വിമർശനത്തിന് വഴിവെച്ചിരുന്നു.
വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നായിരുന്നു നേരത്തെ കുഴല്‍നാടന്റെ ആവശ്യമെങ്കില്‍ കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു പിന്നീട് നിലപാട് മാറ്റിയത്. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്നതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്തത്. കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു.
സിഎംആര്‍എല്ലും എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്‌സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം. എന്നാല്‍ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നല്‍കിയത് എന്ന പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഇഡിയും കേസില്‍ അന്വേഷണം ആരംഭിച്ചത്.