National

ലോക്സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘ‍ർഷം, വോട്ടിങ് യന്ത്രങ്ങള്‍ തകർത്തു

Spread the love

പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ, അലിപൂർദ്വാർ മേഖലകളിലാണ് ബിജെപി ത‍ൃണമൂല്‍ പ്രവർത്തകർ തമ്മില്‍ സംഘ‍ർഷം ഉണ്ടായത്. ആയുധങ്ങളുമായെത്തിയ ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.തൂഫാൻഗ‌ഞ്ചിലെ ടിഎംസി ഓഫീസ് ബിജെപി പ്രവർത്തകർ കത്തിച്ചുവെന്നും തൃണമൂല്‍ ആരോപിച്ചു.പ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ കേന്ദ്രസേന നോക്കിനിൽക്കുന്നുവെന്നും ജനാധിപത്യത്തിന്റെ ആഘോഷം ബിജെപി ജനാധിപത്യത്തിന്‍റെ വധമാക്കി മാറ്റുന്നുവെന്നും തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി.
അതേസമയം ബംഗാളിലെ ദിൻഹാട്ടയില്‍ ബിജെപി പ്രദേശിക നേതാവിൻറെ വീട്ടിലേക്ക് ബോംബെറ് നടന്നു. വോട്ടർമാര്‍ ബൂത്തിലെത്താതിരിക്കാൻ തൃണമൂല്‍ കല്ലെറിഞ്ഞും സംഘർഷം ഉണ്ടാക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.ദാബ്ഗ്രാമില്‍ ബിജെപി ബൂത്ത് ഓഫീസ് അടിച്ചുതകർത്തതായും പരാതി ഉണ്ട്.

കലാപം നടക്കുന്ന മണിപ്പൂരില്‍ അതീവ സുരക്ഷയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.ഇംഫാല്‍ ഈസ്റ്റിലെ ഖോങ്മാന്നില്‍ പോളിങ് സ്റ്റേഷനിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി സംഘ‍ർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്കു. ഇവിഎം,വിവിപാറ്റ് യന്ത്രങ്ങള‍് അടിച്ചു തകർത്തു. സുരക്ഷസേനയും പോളിങ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേയാണ് സംഭവങ്ങളുണ്ടായത്. ഒരു സംഘം ഖോങ്മാന്നിലെ സോണ്‍ 4 ലെ പോളിങ് സ്റ്റേഷനില്‍ കയറിയും വോട്ടിംഗ് യന്ത്രങ്ങള്‍ തകർത്തു.ബൂത്ത് പിടിച്ചെടുക്കാൻ ആള്‍ക്കൂട്ടം ശ്രമിച്ച സ്ഥലത്ത് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.തീവ്ര മെയ്ത്തെയ് വിഭാഗമായ അരംഭായ് തെങ്കോലാണ് ആയുധങ്ങളുമായി സംഘർഷം ഉണ്ടാക്കിയതെന്നും കള്ളവോട്ട് ചെയതതെന്നുമാണ് ആരോപണം

ഗ്രനേഡ് പൊട്ടിത്തെറിച്ച് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാന് പരിക്ക്

ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാന് പരിക്കേറ്റു. സുരക്ഷ സേനയുടെ കൈവശമിരുന്ന അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ (UBGL) സെൽ അബദ്ധത്തിൽ പൊട്ടിതെറിച്ചതാണെന്നാണ് നിഗമനം. ജവാന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ത ചികിത്സക്കായി കൊണ്ടുപോയതായി സുരക്ഷ സേന അറിയിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയായ ബിജാപൂരിലെ ഗാൽഗാം ഗ്രാമത്തിലുള്ള പോളിംഗ് ബൂത്തിന് സമീപം സുരക്ഷ ക്രമീകരണങ്ങൾ നടത്തുന്നതിനിടെയായിരുന്നു ഗ്രനേഡ് പൊട്ടിത്തെറിച്ചത്.